ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
ഹര്‍ത്താല്‍ അക്രമാസക്തം; മലപ്പുറം ജില്ലയിലെ 3 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 6:58pm

 

മലപ്പുറം: കത്‌വയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ പൊലീസ് നിയമം 78, 79 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ചില സംഘടനകള്‍ ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തതോടെ പൊലീസുമായി സംഘര്‍ഷത്തിലാകുകയായിരുന്നു. സംഭവം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ജില്ലയില്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക ആക്രമണങ്ങളെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്‍പ്പടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അക്രമാസക്തമായി സംഘടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Watch DoolNews Video:

 

Advertisement