വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്ന് മസ്ജിദ് കമ്മിറ്റി. ഗ്യാന്‍വാപി കേസില്‍ പരാതി നല്‍കിയവരുടെ കൈയില്‍ തെളിവില്ലെന്നും മസ്ജിദ് കമ്മിറ്റി കോടതില്‍ വാദിച്ചു.
ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ നടത്തിയ അഭിഭാഷകര്‍ അഭ്യൂഹം പരത്തിയത് പ്രകോപനപരമായെന്നും വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും മസ്ജിദ് കമ്മിറ്റി വാരാണസി ജില്ലാകോടതിയില്‍ പരാതിയുന്നയിച്ചു.
തെളിവില്ലാത്ത ഹരജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങള്‍ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.
ശിവലിംഗം കണ്ടെത്തിയതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതതെന്നും മസ്ജിദ് അധികൃതര്‍
നേരത്തെ അറിയിച്ചിരുന്നു.
കേസില്‍ വാരാണസി ജില്ലാ കോടതിയിലെ വാദം കേള്‍ക്കല്‍ ഇന്നും തുടരും. സര്‍വേ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് കോടതി നിര്‍ദേശം പ്രകാരം കക്ഷികള്‍ക്ക് നല്‍കി.
ഹിന്ദു സ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു.
അതേസമയം, ഗ്യാന്‍വാപി പള്ളിയിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍ പറഞ്ഞിരുന്നു.
വാരണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജിയുടെ പിന്നാലെ ക്ഷേത്രത്തില്‍ സര്‍വേ നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടിരുന്നു.
സര്‍വേ തടഞ്ഞുകൊണ്ട് മസ്ജിദ് കമ്മിറ്റിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നത്.