അമേരിക്ക കൊട്ടിഘോഷിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ ലോകകപ്പില്‍ കുമിള പോലെ പൊട്ടും: സി.കെ. വിനീത്
Kerala News
അമേരിക്ക കൊട്ടിഘോഷിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ ലോകകപ്പില്‍ കുമിള പോലെ പൊട്ടും: സി.കെ. വിനീത്
ആദര്‍ശ് എം.കെ.
Friday, 12th June 2026, 3:06 pm

കോഴിക്കോട്: ലോകം 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തില്‍ ആറാടുമ്പോള്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരാജ്യങ്ങളിലൊന്നായ അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വിവേചനപരമായ സമീപനങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത്.

സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാകേണ്ട ലോകകപ്പ്, അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടുന്ന വേദിയായി മാറുകയാണെന്ന് വിനീത് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ഫിഫ ലോകകപ്പ് എന്നത് ഫുട്‌ബോളിന്റെ മാത്രമല്ല, സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണ്. എന്നാല്‍ 2026 ലോകകപ്പിന്റെ തുടക്കം തന്നെ ആ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ കൂടിയാണ് സംഭവിക്കുന്നത്. ലോകത്തെ ഒന്നിപ്പിക്കേണ്ട ടൂര്‍ണമെന്റ്, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനപരമായ സമീപനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളിലേക്കും വഴിമാറിയിരിക്കുകയാണെന്ന് വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം ആഫ്രിക്കയുടെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട, ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയുക്തനായ ആദ്യ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുല്‍ഖാദിര്‍ അര്‍താന് അമേരിക്ക പ്രവേശനം നിഷേധിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ലോകത്തെ ഏറ്റവും റേസിസ്റ്റ് ഗവണ്‍മെന്റ് തങ്ങളാണെന്നോ, അല്ലെങ്കില്‍ പുതിയ കാലത്തും റേസിസത്തിന് സ്റ്റേറ്റ് നിയന്ത്രിതമായ നിയമ സാധുതയുണ്ടെന്നോ, ജോര്‍ജ് ഫ്‌ലോയിഡിനെ ഞെരിച്ചമര്‍ത്തിയവര്‍ അവസാനിച്ചിട്ടില്ലെന്നോ, അമേരിക്കന്‍ ഭരണകൂടം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്.

ഒരു റഫറിക്ക് ഭ്രഷ്ട് കല്‍പ്പിക്കുമ്പോള്‍ ഫുട്‌ബോള്‍ സ്‌നേഹികള്‍ ‘I can’t breathe’ എന്ന് വീര്‍പ്പ് മുട്ടുന്നുണ്ടാകും!

സാധുവായ വിസ കൈവശമുണ്ടായിരുന്ന ഒരാള്‍ക്ക് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമ്പോള്‍ അത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല, ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണ്. സൊമാലിയയെയും സൊമാലിയക്കാരെയും കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവഹേളന പരാമര്‍ശങ്ങളെയും ഇതിനോട് ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം കുറിപ്പിലെഴുതി.

അമേരിക്കന്‍ വിദേശനയങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഇരകളാകേണ്ടി വരുന്നത് സൊമാലിയന്‍ റഫറി മാത്രമല്ലെന്നും ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ അനുഭവവും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും സി.കെ. വിനീത് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ തയ്യാറാകാത്ത ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ ഉദ്യോഗസ്ഥര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ നിഷേധിക്കപ്പെടുകയോ വലിയ തോതില്‍ കാലതാമസം നേരിടുകയോ ചെയ്തതായാണ് താരം വ്യക്തമാക്കുന്നത്. വിസ പ്രതിസന്ധിയെത്തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഇറാന്‍ ടീമിന് അമേരിക്കയില്‍ എത്തുന്നതിന് സാധിച്ചില്ലെന്നും, പകരം മെക്‌സിക്കോയില്‍ താവളമുറപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായെന്നും കുറിപ്പില്‍ പറയുന്നു.

ഇറാനിയന്‍ ആരാധകര്‍ക്കും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നത്. ഫുട്‌ബോള്‍ എപ്പോഴും രാഷ്ട്രീയത്തിന് അതീതമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുള്ള ഫിഫ, ഇവിടെ അമേരിക്കയുടെ രാഷ്ട്രീയ മതിലുകള്‍ക്ക് മുന്നില്‍ പൂര്‍ണമായി തലകുനിക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും വിനീത് വിമര്‍ശിച്ചു.

വിസ വിലക്കുകളും നിയന്ത്രണങ്ങളും സൊമാലിയയുടെയോ ഇറാന്റെയോ മാത്രം പ്രശ്‌നമല്ലെന്നും ആഫ്രിക്കന്‍-അറബ്-മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരെല്ലാം അമേരിക്കയില്‍ കടുത്ത വിവേചനം നേരിടുകയാണെന്നും സി.കെ. വിനീത് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ തുറക്കുന്ന വാതിലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അടയ്ക്കപ്പെടുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്കും വിസ സങ്കീര്‍ണതകള്‍ക്കും പ്രവേശന അനിശ്ചിതത്വങ്ങള്‍ക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിധേയരാകേണ്ടി വരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ വാക്കുകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന അമേരിക്ക, അവര്‍ സ്വയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിത്രവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം അളക്കപ്പെടുന്ന വേദിയായി ഈ ലോകകപ്പിനെ മാറ്റുകയാണെന്ന് താരം ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കന്‍ ബോംബിങ്ങില്‍ സ്വന്തം രാജ്യത്തെ സ്‌കൂളുകളില്‍ അരുംകൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയന്‍ താരങ്ങള്‍ ലോകകപ്പില്‍ എത്തിയത് യാദൃശ്ചികമല്ലെന്ന് വിനീത് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ലോകം ഫുട്‌ബോള്‍ ആഘോഷിക്കുന്ന വേളയിലും യുദ്ധങ്ങളും ഉപരോധങ്ങളും ഇരട്ടത്താപ്പുകളും തുടരുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത്. ഇത്തരം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് ഫുട്‌ബോളിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്. ഫിഫ പ്രസിഡന്റും ട്രംപും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗയ്ന്‍’ ക്യാമ്പയ്‌നാണ് ഇവിടെ നടക്കുന്നത്.

അടുത്ത ഒരു മാസം ലോകം ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമല്ല കാണുകയെന്നും അമേരിക്ക പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം കൂടി ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമെന്നും വിനീത് പറയുന്നു. ഒരു ലോകകപ്പിന് രാജ്യങ്ങളുടെ പ്രൗഢി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത് പോലെ തന്നെ അവരുടെ യഥാര്‍ത്ഥ മുഖവും വെളിപ്പെടുത്താന്‍ കഴിയും. അമേരിക്ക കൊട്ടിഘോഷിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ ഊതി നിറച്ച കുമിളയായി പൊട്ടാന്‍ കൂടെയുള്ളതാണ് ഈ ലോകകപ്പെന്നും സി.കെ. വിനീത് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: CK Vineeth slams Donald Trump

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.