വാഷിങ്ടണ്‍: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് യു.എസ് ദാതാക്കളില്‍ നിന്നാണ് ധനസഹായം ലഭിക്കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇത് നിശബ്ദരായിരിക്കേണ്ട സമയമല്ലെന്നും ഇന്ത്യയിലെ ഓരോ ദേശസ്‌നേഹികളും സി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും മേരി മില്‍ബെന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന അമേരിക്കന്‍ ധാതാക്കളാണ് സി.ജെ.പിക്ക് ഫണ്ട് നല്‍കുന്നതെന്നും മേരി പറഞ്ഞു.

‘സംഘടനയുടെ ഇത്തരത്തിലുള്ള വിനാശകരമായ പ്രവൃത്തികളെ ഇന്ത്യയിലെ ദേശ സ്‌നേഹികളായ യുവാക്കള്‍ ചെറുത്തുതോല്‍പ്പിക്കണം,’ അവര്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഗായികയുടെ പരാമര്‍ശം.

‘എന്റെ യുവ ദേശസ്‌നേഹികളേ, ഭയപ്പെടേണ്ട. 25 വര്‍ഷം ഇന്ത്യയെ സേവിച്ച, 12 വര്‍ഷം പ്രധാനമന്ത്രിയായി, തുടര്‍ച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ പ്രധാനമന്ത്രി, എന്റെ രാജ്യത്ത് നിന്നുള്ള വിഘടനവാദ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ പോകുന്നില്ല,’ അവര്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തോടും നേതൃത്വത്തോടുമുള്ള തന്റെ ആഭിമുഖ്യം കൊണ്ട് ശ്രദ്ധേയയായ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് മേരി മില്‍ബെന്‍. നേരത്തെ ഇന്ത്യയുടെ ദേശീയഗാനവും ചില ഭക്തിഗാനങ്ങളും ആലപിച്ച് അവര്‍ ഇന്ത്യന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ പ്രശസ്തി നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള അവരുടെ പുതിയ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുന്നത്.

 

Content Highlight: CJP receives funds from the US; Narendra Modi will not bow down to these separatists: American singer.