യുവാക്കൾ പാറ്റകളെന്ന പരാമർശം: മാധ്യമങ്ങൾ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വേദനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
national news
യുവാക്കൾ പാറ്റകളെന്ന പരാമർശം: മാധ്യമങ്ങൾ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വേദനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ആദര്‍ശ് എം.കെ.
Saturday, 16th May 2026, 10:33 pm

ന്യൂദൽഹി: തൊഴിൽരഹിതരായ യുവാക്കൾ പാറ്റകളെ പോലെയെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഈ യുവാക്കൾ മാധ്യമപ്രവർത്തകരോ മീഡിയ ആക്ടിവിസ്റ്റുകളോ ആയി മാറി സിസ്റ്റത്തെ ആക്രമിക്കുകയാണെന്ന പരാമർശത്തിലാണ് സൂര്യകാന്ത് വിശദീകരണവുമായി രംഗത്തെത്തിയത്.

വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് വിവിധ മേഖലകളിൽ കടന്നുകൂടിയവരെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, യുവജനങ്ങളെ മൊത്തമായി താൻ ആക്ഷേപിച്ചിട്ടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ മുൻദിവസത്തെ പരാമർശങ്ങളിൽ വിശദീകരണം നൽകിയത്.

മാധ്യമങ്ങളിലെ ഒരു വിഭാഗം തന്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്തതിൽ തനിക്ക് അതിയായ വേദനയുണ്ട് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

“ഒരു നിസാര കേസിലെ വാദത്തിനിടയിൽ ഞാൻ നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളെ മാധ്യമങ്ങളിലെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിച്ചതിൽ എനിക്ക് വേദനയുണ്ട്. വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ ബാർ (അഭിഭാഷകവൃത്തി) പോലുള്ള പ്രൊഫഷനുകളിൽ പ്രവേശിച്ചവരെയാണ് ഞാൻ പ്രത്യേകം വിമർശിച്ചത്.

സമാനമായ ആളുകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും മറ്റ് മാന്യമായ തൊഴിലുകളിലും കടന്നുകൂടിയിട്ടുണ്ട്, അതിനാൽ അവർ പരാദങ്ങളെപ്പോലെയാണ്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളെ വിമർശിച്ചു എന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

“നമ്മുടെ ഇപ്പോഴത്തെയും ഭാവിയിലെയും മനുഷ്യവിഭവശേഷിയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് മാത്രമല്ല, ഇന്ത്യയിലെ ഓരോ യുവാവും എന്നെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ യുവാക്കൾക്ക് എന്നോട് വലിയ ആദരവും ബഹുമാനവുമാണുള്ളത്, വികസിത ഇന്ത്യയുടെ നെടുംതൂണുകളായാണ് ഞാൻ അവരെ കാണുന്നത്,” സൂര്യകാന്ത് കൂട്ടിച്ചേർത്തു.

മുതിർന്ന അഭിഭാഷക പദവിക്കായി ദൽഹി ഹൈക്കോടതിയെ സമീപിച്ച ഒരു അഭിഭാഷകന്റെ ഹരജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് വിവാദമായ നിരീക്ഷണങ്ങൾ നടത്തിയത്. ഹരജിക്കാരന്റെ പ്രൊഫഷണൽ പെരുമാറ്റത്തെയും ഫേസ്ബുക്കിൽ അദ്ദേഹം ഉപയോഗിച്ച ഭാഷയെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഈ സന്ദർഭത്തിലാണ് സിസ്റ്റത്തെ ആക്രമിക്കുന്ന പരാദങ്ങളും പാറ്റകളെന്നുമെന്ന് അദ്ദേഹം വിമർശിച്ചത്.

“ജോലിയൊന്നും ലഭിക്കാത്തതോ പ്രൊഫഷനിൽ ഇടമില്ലാത്തതോ ആയ ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ പ്രവർത്തകരും വിവരാവകാശ പ്രവർത്തകരുമായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു,” എന്നായിരുന്നു വെള്ളിയാഴ്ച കോടതിയിൽ നടത്തിയ നിരീക്ഷണം.

 

Content Highlight: CJI Surya Kant Clarifies Parasite Remark and Misquoted Observations

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.