ഇന്ത്യന്‍ ഫുട്‌ബോളില്‍ തുടരുന്ന പ്രതിസന്ധിക്കിടെ മറ്റൊരു തിരിച്ചടി കൂടി. ഫുട്‌ബോള്‍ അതികായരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സി.എഫ്.ജി) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) വമ്പന്മാരായ മുംബൈ സിറ്റിയെ കൈവിട്ടു. സി.എഫ്.ജി തങ്ങളുടെ ഓഹരി ഉപേക്ഷിച്ചതായി മുംബൈ സിറ്റി തന്നെയാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ടീമിന്റെ നിയന്ത്രണം സ്ഥാപക ഉടമകള്‍ തന്നെ ഏറ്റെടുക്കുമെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
‘സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ലിമിറ്റഡ് (സി.എഫ്.ജി) ക്ലബ്ബിന്റെ ഓഹരികള്‍ വിറ്റഴിച്ചതായി മുംബൈ സിറ്റി എഫ്.സിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. സ്ഥാപക ഉടമകള്‍ ടീമിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കും.
2019 മുതല്‍ സി.എഫ്.ജിയും മുംബൈ എഫ്.സിയും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സി.എഫ്.ജി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തു,’ ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
2019ലാണ് സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്.സിയുടെ (എം.എഫ്.സി) ഓഹരികള്‍ കരസ്ഥമാക്കുന്നത്. ടീമിന്റെ 65 ശതമാനം സ്റ്റോക്കും സി.എഫ്.ജിയുടെ കൈവശമായിരുന്നു. ഇതിന് ശേഷം രണ്ട് തവണ മുംബൈ ഐ.എസ്.എല്‍ കിരീടവും ലീഗ് ഷീല്‍ഡും സ്വന്തമാക്കിയിരുന്നു. ടീമിനെ ടൂര്‍ണമെന്റിലെ മികച്ച ക്ലബ്ബുകളില്‍ ഒന്നാക്കിയ ഗ്രൂപ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധി നേരിട്ടതോടെയാണ് പിന്മാറുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉള്‍പ്പടെ 13ഓളം ക്ലബ്ബുകളുടെ ഓണര്‍ഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്. അത്തരമൊരു ഗ്രൂപ്പ് മുംബൈ സിറ്റിയെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഒന്നാകെ തിരിച്ചടിയാണ്.
ഐ.എസ്.എല്ലിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സി.എഫ്.ജി പിന്മാറിയതെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറയുന്നുണ്ട്. സാമ്പത്തികമായ വിലയിരുത്തലുകളും കണക്കിലെടുത്താണ് സി.എഫ്.ജിയുടെ ഈ തീരുമാനം എന്നാണ് വിവരം.
മുംബൈ സിറ്റി താരങ്ങൾ. Photo: Mumbai City Fc/x.com
അതേസമയം, ഇന്ത്യന്‍ ഫുട്‌ബോള്‍ ആഭ്യന്തര ടൂര്‍ണമെന്റായ ഐ.എസ്.എല്ലിന്റെ നടത്തിപ്പ് അനിശ്ചിതത്തിലാണ്. ഈ മാസം തുടക്കം എ.ഐ.എഫ്. എഫും അതിന്റെ വാണിജ്യ പങ്കാളിയായ റിലയന്‍സ് പിന്തുണയുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) തമ്മിലുള്ള കരാര്‍ അവസാനിച്ചിരുന്നു. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.