വിശാഖപട്ടണം: വെനസ്വലെയ്‌ക്കെതിരെ അമേരിക്കന്‍ സാമാജ്യത്വ ശക്തികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ അപലപിച്ച് സി.ഐ.ടി.യു 18ാം അഖിലേന്ത്യാ സമ്മേളനം. ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ നടക്കുന്ന സമ്മേളനം പൊരുതുന്ന വെനസ്വലെയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അമേരിക്ക നടത്തിയ ആക്രമണം അറിഞ്ഞയുടന്‍ സമ്മേളന പ്രതിനിധികള്‍ പ്ലക്കാര്‍ഡുകളേന്തിയും സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. വെനസ്വലന്‍ ജനതയ്ക്കും മഡൂറോ സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യാ സെക്രട്ടറി സുദീപ് ദത്ത അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
സമാധാനത്തിനും അന്തസ്സിനും പരമാധികാര വികസനത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ വെനസ്വലെയിലെ തൊഴിലാളികളോടും കര്‍ഷകരോടും സി.ഐ.ടി.യു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കിരീബയന്‍, അറ്റ്‌ലാന്റിക് മേഖലകളിലെ സൈനിക സമ്മര്‍ദമുള്‍പ്പടെ വെനസ്വലെയ്‌ക്കെതിരെ യു.എസ് നടത്തുന്ന എല്ലാ സൈനിക ആക്രമണങ്ങളും അവസാനിപ്പിക്കണം, പ്രസിഡന്റ് നിക്കോളാസ് മഡൂറോയും പങ്കാളിയും പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ മോചിപ്പിക്കണം, വെനസ്വലെന്‍ കര-വ്യോമ-നാവിക അതിര്‍ത്തികളില്‍ നിന്നുള്ള എല്ലാ അനധികൃത യു.എസ് സൈനിക സാന്നിധ്യവും നിരുപാധികം പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ മുമ്പോട്ട് വെച്ചു.
വെനസ്വലെയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ദുരിതം സൃഷ്ടിക്കുകയും ചെയ്ത അമേരിക്കന്‍ ഉപരോധങ്ങളെയും സമ്മേളനം അപലപിച്ചു.
അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്കെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്ര രംഗത്ത് സമാധാനപരമായ സഹവര്‍ത്തിത്വം, പരമാധികാരം, ചേരിചേരാനയം, തുടങ്ങിയ തത്വങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
അതേസമയം, ബന്ദിയാക്കിയ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും പങ്കാളിയെയും ന്യൂയോര്‍ക്കിലെ എയര്‍ബേസിലെത്തിച്ചു.
ഇരുവര്‍ക്കും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഭീകര ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍, കൊക്കെയ്ന്‍ ഇറക്കുമുതി സംബന്ധിച്ചുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുണ്ട്.
മഡൂറോയെ തടവിലാക്കിയ അമേരിക്ക, വെനസ്വലെയുടെ ഭരണം തങ്ങള്‍ ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്കന്‍ ഭരണത്തിലായിരിക്കുമെന്നും ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: CITU’s 18th All-India Conference condemns US aggression against Venezuela.