മുഖ്യമന്ത്രിയുടെ ഉത്തരവ് കാറ്റില്‍ പറത്തി; പൊലീസ് സേനയില്‍ ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ടുള്ള 'അടിമപ്പണി'ക്ക് പുതിയ സര്‍ക്കുലര്‍
Police
മുഖ്യമന്ത്രിയുടെ ഉത്തരവ് കാറ്റില്‍ പറത്തി; പൊലീസ് സേനയില്‍ ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ടുള്ള 'അടിമപ്പണി'ക്ക് പുതിയ സര്‍ക്കുലര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 2:55 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെയും അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവുകളെയും വകവെയ്ക്കാതെ സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
തസ്തികയില്‍ നിഷ്‌കര്‍ഷിച്ച ജോലിക്ക് പുറമെ സാഹചര്യമനുസരിച്ച് മറ്റ് ജോലികൂടി ചെയ്യണമെന്നും യൂനിറ്റ് മേധാവികളും മേലുദ്യോഗസ്ഥരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നുമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നത്.

കുക്ക്, ബാര്‍ബര്‍, ഡോബി, സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍ തസ്തികളിലായാണ് കേരള പൊലീസില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 1239 പേരാണ് ഉള്ളത്. നിയമിക്കപ്പെടുന്ന തസ്തികകളിലെ ജോലികളല്ലാതെ മറ്റ് ജോലികള്‍ ഇവരെക്കൊണ്ട് ചെയ്യിക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പൊലീസുകാരുടെ യൂണിഫോം തേച്ചുനല്‍കുന്നതാണ് ധോബി വിഭാഗത്തിന്റെ ജോലി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ‘അയണര്‍’ ആക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ചില ഉന്നതരുടെ ഒത്താശയോടെ അയണര്‍ ജോലിചെയ്യുന്നവര്‍ ഇനിമുതല്‍ പൊലീസുകാരുടെ യൂനിഫോമും അലക്കണമെന്ന സ്ഥിതി വരുന്നത്.

പുതിയ ഉത്തരവ് പ്രകാരം പൊലീസുകാരുടെ വസ്ത്രം അലക്കുന്നതടക്കുന്നതും പാചകം ചെയ്യുന്നതുമടക്കം ക്യാമ്പ് ഫോളോവര്‍മാരുടെ ജോലിയാകും. സര്‍ക്കുലറിനെതിരെ കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിക്കാനുള്ള നീക്കമാണ് ഉത്തരവെന്നും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിക്കും സര്‍വിസ് ചട്ടങ്ങള്‍ക്കും വിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും പ്രസിഡന്റ് എന്‍.ജെ. പ്രകാശ് ലാലും ജനറല്‍ സെക്രട്ടറി എം.കെ. രാധാകൃഷ്ണനും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഒരു വിഭാഗത്തെ അടിമകളും യന്ത്രങ്ങളുമായി കരുതുന്ന രീതിക്ക് മാറ്റംവരണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിക്കില്ലെന്ന് 2018 മാര്ച്ച് 21 ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് പൊലീസ് മേധാവി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്യനിര്‍വഹണത്തിന് നിയോഗിക്കപ്പെടുന്ന പൊലീസ് സേനാംഗങ്ങളോടൊപ്പം ക്യാമ്പിന് പുറത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പോകണമെന്നും അവരുടെ കൃത്യനിര്‍വഹണത്തിന് ഉതകുന്ന തരത്തിലുള്ള സേവിക്കണമെന്നും പറയുന്ന ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിക്കുന്നതിന് സാധുകരണമാവുകയാണ്.

അതേസമയം ക്യാമ്പ് ഓഫിസ് എന്നപേരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇവരെ നിയോഗിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ക്യാമ്പ് ഫോളോവര്‍മാരുടെയും പ്രതിപക്ഷത്തിന്റെയും ആരോപണം.

സ്വീപ്പര്‍ തസ്തികയിലുള്ളവര്‍ക്ക് കെട്ടിടത്തിന്റെ മാത്രമല്ല പരിസരപ്രദേശങ്ങളുടെയും ശുചീകരണ ചുമതലയും നിര്‍ദേശിച്ചിട്ടുണ്ട്. ഓഫിസ് വളപ്പിലെ നിര്‍മാണ ജോലികള്‍ക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചത് മുമ്പ് വിവാദമായിരുന്നു. ഇത് മറികടക്കാനാണ് നീക്കം. ഓഫിസ് വളപ്പില്‍ തൈകള്‍ നടലും സംരക്ഷണവും സ്വീപ്പര്‍മാരുടെ ചുമതലയാണെന്ന് ഉത്തരവിലുണ്ട്.

കോടതിയില്‍ പറഞ്ഞത് മറന്നു, മുഖ്യമന്ത്രിയുടെത് പാഴ്‌വാക്കായി

2018 ജൂണ്‍ 22 നാണ് ക്യാമ്പ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സി വഴിയാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുന്നത്. ഇതിനായുള്ള കരട് ചട്ടം ഒരുമാസത്തിനുള്ളില്‍ തയാറാക്കുമെന്നും അറിയിച്ചിരിന്നു.

കൂടാതെ പൊലീസിലെ ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈകോടതിയിലും അറിയിച്ചിരുന്നു. ക്യാമ്പ് ഫോളോവേഴ്‌സ് നേരിടുന്ന ചൂഷണവും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച് ജില്ല ജഡ്ജിയുടെ അന്വേഷണമടക്കം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലായിരുന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ജില്ല, ബറ്റാലിയന്‍, റേഞ്ച് പൊലീസ് ക്യാമ്പുകള്‍ക്ക് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫിസുകളിലും കുക്ക്, ദോബി, സ്വീപ്പര്‍, സാനിട്ടറി വര്‍ക്കര്‍, വാട്ടര്‍ കാരിയര്‍മാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെ നിയമിക്കാറുണ്ട്. സംസ്ഥാനത്ത് ഇങ്ങനെ 1231 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 29 പേര്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫിസിലുള്ളത്.

2011ലാണ് ക്യാമ്പ് ഫോളോവര്‍ നിയമനം പി.എസ്.സിക്ക് വിട്ടത്. എന്നാല്‍ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേകചട്ടം തയാറാക്കുന്നതില്‍നിന്ന് പിന്നാക്കംപോയതോടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്കായില്ല.