പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു; വിടപറഞ്ഞത് ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രതിഭ
Obituary
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു; വിടപറഞ്ഞത് ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രതിഭ
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 8:19 pm

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഏഴുതവണ സംസ്ഥാന പുരസ്‌കാരങ്ങളും ഒട്ടേറെത്തവണ രാജ്യാന്തര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ഛായാഗ്രാഹകന് ഏറ്റവുമധികം സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചതിന്റെ റെക്കോഡില്‍ മങ്കട രവി വര്‍മ്മയ്‌ക്കൊപ്പമാണ് അദ്ദേഹം.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘ഓള്’ ആണ് അവസാന സിനിമ. 1988-ല്‍ മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയിലൂടെയാണു തുടക്കം.

കളിയാട്ടം, തീര്‍ഥാടനം, കണ്ണകി, മകള്‍ക്ക്, പുലിജന്മം, തകരച്ചെണ്ട, നാലു പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, തിരക്കഥ, വിലാപങ്ങള്‍ക്കപ്പുറം, കേരളാ കഫേ, മധ്യവേനല്‍, വീട്ടിലേക്കുള്ള വഴി, പാപ്പ്‌ലിയോ ബുദ്ധ, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു.

1996-ലാണ് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ദേശാടനം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. കരുണത്തിന് 1999-ല്‍ ഇതേ പുരസ്‌കാരം ലഭിച്ചു. അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ എന്നീ സിനിമകള്‍ക്ക് 2007-ലും, ബയോസ്‌കോപ്പ് എന്ന സിനിമയ്ക്ക് 2008-ലും പുരസ്‌കാരം ലഭിച്ചു.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വീട്ടിലേക്കുള്ള വഴിക്ക് 2010-ലും ആകാശത്തിന്റെ നിറത്തിന് 2011-ലും 2016-ല്‍ കാട് പൂക്കുന്ന നേരത്തിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

2008-ല്‍ ബയോസ്‌കോപ്പിന് മികച്ച ഛായാഗ്രാഹകനുള്ള ദക്ഷിണേഷ്യന്‍ രാജ്യാന്തര പുരസ്‌കാരം ലഭിച്ചു.

കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ അദ്ദേഹം ആദ്യം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. പിന്നീട് ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍. കരുണിനൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ചു.

കാന്‍, ടൊറന്റോ, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.