അന്ന് മമ്മൂക്കയെ ചെളിയില്‍ കിടത്താന്‍ എനിക്ക് പ്രയാസം തോന്നി: ഛായാഗ്രാഹകന്‍ അളഗപ്പന്‍
Malayalam Cinema
അന്ന് മമ്മൂക്കയെ ചെളിയില്‍ കിടത്താന്‍ എനിക്ക് പ്രയാസം തോന്നി: ഛായാഗ്രാഹകന്‍ അളഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th July 2025, 9:29 pm

മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍. മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ കൂടെയുള്ള അനുഭവം പങ്കുവെക്കുകയാണ് അളഗപ്പന്‍.

പ്രജാപതി സിനിമയിലെ ഫൈറ്റ് സീക്വന്‍സിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയെ ചെളിയില്‍ കിടത്തി ഷൂട്ട് ചെയ്യാന്‍ തനിക്ക് മടിയായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായെന്നുമാണ് അളഗപ്പന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ പ്രജാപതി എന്ന സിനിമയില്‍ ഞാന്‍ ക്യാമറാ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സിനിമയില്‍ ഫൈറ്റ് സീക്വന്‍സ് എടുത്തത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. അതില്‍ മമ്മൂക്ക ചെളിയില്‍ കിടക്കുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു.

ആ സീന്‍ മമ്മൂക്കയെ കൊണ്ട് ചെയ്യിപ്പിക്കേണ്ടെന്നും ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്താ ഞാന്‍ കിടന്നാല്‍ പ്രശ്നമുണ്ടോ എന്നാണ് അന്ന് മമ്മൂക്ക എന്നോട് ചോദിച്ചത്.

എന്നാല്‍ സത്യത്തില്‍ എനിക്ക് അദ്ദേഹത്തെ ചെളിയില്‍ കിടത്താന്‍ പ്രയാസം തോന്നിയത് കൊണ്ടായിരുന്നു ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞത്. അവസാനം നിങ്ങള്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് മമ്മൂക്ക എന്നോട് ഇങ്ങോട്ട് ചോദിച്ചു.

നിലത്ത് കിടക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ടാണ് വേണ്ടതെന്നും ചെളിയില്‍ കിടക്കുന്ന ഷോട്ട് കിട്ടിയാല്‍ അതിന് നല്ല ഇംപാക്ട് ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. അതിനെന്താ, നമുക്ക് അത് എടുക്കാമല്ലോയെന്നും പറഞ്ഞ് മമ്മൂക്ക ചെളിയില്‍ വന്ന് കിടന്നു തന്നു,’ അളഗപ്പന്‍ പറഞ്ഞു.

പ്രജാപതി:

രഞ്ജിത്ത് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രജാപതി. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ദിഖ്, നെടുമുടി വേണു, തിലകന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. ദേവര്‍മടം നാരായണന്‍ എന്ന ഉണ്ണി തമ്പുരാനായിട്ടാണ് മമ്മൂട്ടി പ്രജാപതിയില്‍ എത്തിയത്.


Content Highlight: Cinematographer Alagappan Talks About Mammootty