പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുന്നതിന് മുമ്പ് കൂവും; മോളിവുഡിലെ വിനീത് മാധവനും പൃഥ്വിരാജും തമ്മിലുള്ള കണക്ഷന്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ
Malayalam Cinema
പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുന്നതിന് മുമ്പ് കൂവും; മോളിവുഡിലെ വിനീത് മാധവനും പൃഥ്വിരാജും തമ്മിലുള്ള കണക്ഷന്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 8th July 2026, 7:39 pm

നിലവില്‍ മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ നായകനായ മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പ്രകടനത്തിന് ശേഷം അടുത്തിടെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. സിനിമാ മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിലെ പല കഥാപാത്രങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പലരുമായിട്ടും ചിത്രത്തിലെ കഥാപാത്രങ്ങളുമായി സാമ്യമുണ്ടെന്നതായിരുന്നു കണ്ടെത്തല്‍.

ഇപ്പോഴിതാ മോളിവുഡ് ടൈംസിലെ കേന്ദ്രകഥാപാത്രമായ നസ്‌ലെന്‍ അവതരിപ്പിച്ച വിനീത് മാധവന് മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജുമായുള്ള സാമ്യതയാണ് സിനിമാ പേജുകളിലെ പ്രധാന ചര്‍ച്ച. താരത്തിന്റെ കരിയറിന്റെ ആരംഭത്തില്‍ ലഭിച്ച വിലക്കും എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനും സംവിധായകനുമായി മാറിയ പൃഥ്വിയുടെ യഥാര്‍ത്ഥ ജീവിതത്തിന് വിനീത് മാധവനുമായി വലിയ കണക്ഷനുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിര്‍മിച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

മോളിവുഡ് ടൈംസ്. Photo: The Hindu

2004ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തില്‍ അഭിനയച്ചിതനെ തുടര്‍ന്ന് പൃഥ്വിരാജിനെതിരെ മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു. താരം നായകനാകുന്ന ചിത്രങ്ങളില്‍ ആരും അഭിനയിക്കാതെയും അവസരം കിട്ടുന്ന പല ചിത്രങ്ങളും നിര്‍മാതാക്കളില്‍ പലരും ഇടപെട്ട് ഇല്ലാതാക്കിയുമായിരുന്നു താരത്തെ പ്രതിസന്ധിയിലാക്കിയത്. മോളിവുഡ് ടൈംസില്‍ അപ്പുണ്ണി ശശി അവതരിപ്പിച്ച നിര്‍മാതാവ് ഫയാസിന്റെ ഡയലോഗുകളാണ് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. വിനീത് മാധവനുമായുള്ള കൂടിക്കാഴ്ച്ചയില്‍ മലയാള സിനിമയില്‍ നിനക്ക് അപ്രഖ്യാപിത വിലക്കാണെന്നും തന്റെ പകുതി കഴിവില്ലാത്തവര്‍ പോലും ആരാധിക്കപ്പെടുമെന്നും സീനില്‍ പറയുന്നത് കേള്‍ക്കാം.

പൃഥ്വിരാജിന് വിലക്ക് നേരിടേണ്ടി വന്ന കാലഘട്ടത്തില്‍ നടന്‍ തിലകനും സംവിധായകന്‍ വിനയനും താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ഇതിന് പിന്നാലെ വൈറലാകുന്നുണ്ട്. പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ വരുമ്പോള്‍ ഡയലോഗ് പറയുന്നതിന് മുമ്പ് ആളുകള്‍ കൂവുകയാണെന്നും ഡയലോഗ് പറഞ്ഞതിന് ശേഷം കൂവുകയാണെങ്കില്‍ അത് മനസിലാക്കാമെന്നും തിലകന്‍ പറയുന്നു. ഇത് നീ ഇവിടെ ഡയലോഗ് പറയേണ്ടെടാ എന്ന സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ ആരും അഭിനയിക്കില്ലെന്ന് താരങ്ങള്‍ പറഞ്ഞതായും താങ്ക്‌സ് കാര്‍ഡ് വന്നത് മുതല്‍ ആളുകള്‍ കൂവി തുടങ്ങിയതായും വിനയന്‍ പറയുന്നു ഇതിനെയെല്ലാം തരണം ചെയ്താണ് പൃഥ്വിരാജ് ഈ നിലയില്‍ എത്തിയതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ വിനീത് മാധവനെക്കാള്‍ വലിയ സിനിമാക്കഥയാണ് പൃഥ്വിരാജിന്റേതെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് പലരും അഭിപ്രായപ്പെടുന്നു.

പൃഥ്വിരാജ്. Photo: X.com

ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും രണ്ട് വമ്പന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് അഭിനയത്തിലും മറ്റൊരു മലയാളി നടനും അവകാശപ്പെടാനില്ലാത്ത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. നാളെ റിലീസിനൊരുങ്ങുന്ന ഐ നോബഡിയും അടുത്ത മാസം തിയേറ്ററുകളിലെത്തുന്ന ഖലീഫയും താരത്തിന്റെ വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. എന്നാല്‍ ഏവരും കാത്തിരിക്കുന്നത് താരത്തിന്റെ രാജമൗലി ചിത്രത്തിനായാണ്. മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പ്രധാന വില്ലനായ കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

Content Highlight: Cinema Pages Finds similarities between Mollywood times movies and Prithviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.