നിവിനും സൂര്യയും പാണ്ടിലോറിയുടെ മുന്നില്‍ പെട്ട അവസ്ഥയാകുമോ, ഓഗസ്റ്റില്‍ ഫീല്‍ ഗുഡ് പടം കൊണ്ടുവരുന്നത് റിസ്‌കെന്ന് സിനിമാപേജുകള്‍
Indian Cinema
നിവിനും സൂര്യയും പാണ്ടിലോറിയുടെ മുന്നില്‍ പെട്ട അവസ്ഥയാകുമോ, ഓഗസ്റ്റില്‍ ഫീല്‍ ഗുഡ് പടം കൊണ്ടുവരുന്നത് റിസ്‌കെന്ന് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Friday, 29th May 2026, 8:48 am

തമിഴിലും മലയാളത്തിലും വലിയ ഫാന്‍ബേസുള്ള താരങ്ങളാണ് സൂര്യയും നിവിന്‍ പോളിയും. കരിയറിലെ മോശം ഫേസിനെ തരണം ചെയ്ത് ഗംഭീര തിരിച്ചുവരവ് നടത്തിയത് ഈയടുത്തായിരുന്നു. സര്‍വ്വം മായയിലൂടെ നിവിനും കറുപ്പിലൂടെ സൂര്യയും തങ്ങളുടെ ഫാന്‍ ബേസ് എവിടെയും പോയിട്ടില്ലെന്ന് തെളിയിച്ചിരുന്നു.

ഇരുവരുടെയും അടുത്ത റിലീസിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന വിഷയം. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സാണ് സൂര്യയുടെ അടുത്ത റിലീസ്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചു.

വമ്പന്‍ സിനിമകള്‍ റിലീസിന് തയാറെടുക്കുന്ന ഓഗസ്റ്റില്‍ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് പുറത്തിറക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലയാളത്തിലും തെലുങ്കിലും മാസ് സിനിമകളാണ് ഈ സീസണില്‍ തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ഖലീഫ, രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ മോളിവുഡിലേക്ക് തിരിച്ചെത്തുന്ന ഐ ആം ഗെയിം എന്നിവയാണ് മലയാളത്തിലെ റിലീസുകള്‍. ഓഗസ്റ്റ് 20നാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത്.

ഒരു ദിവസത്തെ ഇടവേളയില്‍ തെലുങ്കില്‍ മറ്റൊരു വമ്പന്‍ സിനിമയും റിലീസിനൊരുങ്ങുന്നുണ്ട്. നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാരഡൈസും വിശ്വനാഥന് വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടല്‍. സൂര്യയുടെ തെലുങ്ക് മാര്‍ക്കറ്റിലെ ഹോള്‍ഡ് തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിനെ പലരും വിശേഷിപ്പിക്കുന്നത്. പാരഡൈസിന് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് തിരിച്ചടിയാകും.

നിവിന്‍ പോളിക്കും സമാന അവസ്ഥയാണ്. സര്‍വ്വം മായക്ക് ശേഷം താരം നായകനായെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും ആക്ഷന്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിവിന്റെ ഫീല്‍ ഗുഡ് പ്രൊജക്ടിന് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സഞ്ജയ് വിശ്വനാഥ് എന്ന ബിസിനസുകാരനായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മമിത ബൈജു സൂര്യയുടെ നായികയായി എത്തുന്നു എന്നാണ് ചിത്രത്തിന്റെ പ്രത്യേകത. ആക്ഷന്‍ ഫ്‌ളിക്കുകളും ഫീല്‍ ഗുഡ് ചിത്രങ്ങളും തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Cinema pages discussion on the release date of Viswanath and Sons movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം