പോറ്റിയും, കോഹ്‌ലിയും രജിനികാന്തും; പ്രജയിലെ ക്ലൈമാക്‌സ് സീന്‍ കുത്തിപൊക്കി സിനിമാ പേജുകള്‍
Malayalam Cinema
പോറ്റിയും, കോഹ്‌ലിയും രജിനികാന്തും; പ്രജയിലെ ക്ലൈമാക്‌സ് സീന്‍ കുത്തിപൊക്കി സിനിമാ പേജുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 7th January 2026, 12:02 pm

പുതുതായി പുറത്തിറങ്ങുന്ന സിനിമകളിലെ തെറ്റുകളും സംവിധായകന്‍ ഉദ്ദേശിക്കാത്ത ഡയറക്ടര്‍ ബ്രില്ല്യന്‍സും കണ്ടെത്തി ചര്‍ച്ചയാക്കുന്നത് സോഷ്യല്‍ മീഡിയ യുഗത്തില്‍ പുതുമയുള്ള കാര്യമല്ല. സിനിമയില്‍ വി.എഫ്.എക്‌സ് ചെയ്ത ഭാഗങ്ങളിലെ തെറ്റുകള്‍ വരെ ചൂണ്ടിക്കാട്ടാന്‍ കഴിവുള്ള പ്രേക്ഷകരും സാങ്കേതിക സംവിധാനങ്ങളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്.

ഇപ്പോഴിതാ 2001 ല്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത പ്രജയാണ് ഇത്തരത്തില്‍ ഇഴമുറിച്ചുള്ള പരിശോധനക്ക് വിധേയമായിരിക്കുന്നത്. ത്രസിപ്പിക്കുന്ന ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയും മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിലെ പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടാതെ പോയ കാര്യമാണ് മോളിവുഡ് കണക്ട് എന്ന സിനിമാ പേജിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്.

Photo: Mollywood Connect

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ളാഹേല്‍ വക്കച്ചനെയും, ബലരാമന്‍ കൊണാര്‍ക്കിനെയും, ദേവദേവന്‍ നമ്പ്യാരെയും ഇന്ത്യന്‍ പതാകയുടെ കൊടിമരത്തിനു കീഴില്‍ കെട്ടിയിട്ട് സക്കീര്‍ ഹുസൈന്‍ ബോംബ് പൊട്ടിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഈ സീനില്‍ ബോംബ് പൊട്ടുന്നതിന് തൊട്ടു മുമ്പ് വന്നു പോകുന്ന മൂന്നുപേരുടെയും ഡമ്മികളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കു വെച്ചാണ് പ്രജയിലെ സീനിനെ സോഷ്യല്‍ മീഡിയ ട്രോളുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്പ്ലിറ്റ് സെക്കന്റില്‍ സ്‌ക്രീനില്‍ മിന്നി മറഞ്ഞു പോകുന്ന രംഗം ചിത്രം കണ്ടവരുടെയൊന്നും ശ്രദ്ധയില്‍ പെടാന്‍ ഇടയില്ല. അത്രയും സൂക്ഷ്മതയോടെയുള്ള നിരീക്ഷണത്തോടെ മാത്രം കണ്ടെത്താന്‍ കഴിയുന്ന മിസ്‌റ്റേക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡമ്മിക്ക് പകരം മൂന്ന് പേരെയും ജീവനോടെ കെട്ടിയിട്ട് ബോംബ് പൊട്ടിക്കണമായിരുന്നോ എന്നും ചിത്രം കാണുമ്പോള്‍ കുറവുകള്‍ ശ്രദ്ധിച്ചില്ലെന്നുമാണ് അനുകൂലിച്ചുള്ള കമന്റുകള്‍. എന്നാല്‍ ക്രാഫ്റ്റ്‌സ് മാന്‍ എന്നറിയപ്പെടുന്ന ജോഷി സാറിന്റെ പടത്തില്‍ ഇത്തരത്തില്‍ തെറ്റുകള്‍ പ്രതീക്ഷിച്ചില്ലെന്നും ലോങ് ഷോട്ടില്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ അറിയില്ലായിരുന്നുവെന്നും കമന്റുകളുണ്ട്.

ഡമ്മികളുടെ മുഖച്ഛായയെ പരിഹസിച്ചും കമന്റുകളുണ്ട്. ഷമ്മി തിലകന്റെ കഥാപാത്രം സ്വര്‍ണ്ണകടത്ത് കേസില്‍ പിടിയിലായ പോറ്റിയെ പോലെയാണെന്നും വിജയരാഘവനെ കാണാന്‍ രജിനികാന്തിനെ പോലെയാണെന്നുമാണ് കമന്റുകള്‍.

അതേസമയം ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി ചിത്രത്തിലും സമാനമായ രംഗമുണ്ട്. വില്ലന്മാരെ കെട്ടിതൂക്കിയിട്ട് ബോംബ് പൊട്ടിക്കുന്ന രംഗത്തില്‍ ഉപയോഗിച്ച ഡമ്മികള്‍ വലിയ കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ വില്ലന്മാരായെത്തിയ സാഗര്‍ സൂര്യയുടെയും ജുനൈസിന്റയും ജീവന്‍ തുടിക്കുന്ന ഡമ്മികളാണ് ‘പണി’യുടെ അണിയറപ്രവര്‍ത്തകര്‍ നിര്‍മിച്ചത്.

Photo: Mathrubhumi English

ഇതാദ്യമായല്ല ഡമ്മികള്‍ മലയാള സിനിമയില്‍ ചര്‍ച്ചയാകുന്നത്. 2008 ല്‍ ജോഷിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 20-20യില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും മോഹന്‍ ലാല്‍ സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതും ചര്‍ച്ചയായിരുന്നു. താരവുമായി ബന്ധമില്ലാത്ത ആര്‍ട്ടിസ്റ്റിനെയാണ് ഡ്യൂപ്പായി ഉപയോഗിച്ചിരുന്നതെന്നായിരുന്നു വിമര്‍ശനം.

Content Highlight: cinema page finds out mistakes in climax of Praja Movie

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.