ചുരുളി- പരിഷ്‌കൃത ലോകത്തിന്റെ അകം
Churuli Movie
ചുരുളി- പരിഷ്‌കൃത ലോകത്തിന്റെ അകം
ജസീല്‍ എസ്.എം.
Saturday, 20th November 2021, 10:27 pm

എന്റെ (ഒരു പക്ഷെ നിങ്ങളുടെയും) മനസാക്ഷിക്കുള്ളിലെ ഞാന്‍ (നിങ്ങളും) ഒരിക്കലും ചെന്ന് നോക്കാന്‍ ആഗ്രഹിക്കാത്ത ഇരുട്ടാണ് ചുരുളിയെന്ന കൊടും വനത്തിനുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ. ആധുനിക ലോകത്തിന്റെ, കണ്ടുപിടുത്തമായ വൈദ്യുതി കമ്പികള്‍ ആ വനമ്പ്രദേശത്തുകൂടെ നീട്ടി വലിച്ചു കെട്ടിയിട്ടുണ്ടെങ്കിലും അത് നമ്മുടെ ചിന്തയുടെയും വിചാരത്തിന്റെയും പറച്ചിലുകളുടെയും പുറം പാളിയിലല്ലാതെ വെള്ളവും വെളിച്ചവുമെത്തിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നാവണം ചുരുളി എന്ന സിനിമയുണ്ടായത്.

പരിഷ്‌കൃത ലോകത്ത് നിന്നും അപരിഷ്‌കൃതമായ, കുഴിച്ചുമൂടിയ നമ്മുടെയുള്ളില്‍ തന്നെയുള്ള കുറ്റവാളിയെ അന്വേഷിച്ചു പോവാന്‍ നമ്മളാദ്യം കടക്കേണ്ടുന്ന പാലം തന്നെ എപ്പോഴും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള ചിതലരിക്കുന്ന മരത്തടിയുടേതായി നിലനിര്‍ത്തിയിരിക്കുകയാണ്.

നമ്മുടെയെല്ലാ പരിഷ്‌ക്കരണങ്ങളും ആ പാലത്തിനിപ്പുറം മതിയെന്നും അതിന്റെയുള്ളിലേക്ക് കടന്നു ചെന്ന് ശ്വാസം മുട്ടുകയും ഇരുട്ടില്‍ പെടുകയും ദുസ്വപനങ്ങളിലെന്ന പോലെ ഞെട്ടി ഉണരുകയും ചെയ്യന്ന ഭീതിദമായ ഒരു അവസ്ഥയിലേക്ക് ചെന്ന് കയറാന്‍ നമ്മള്‍ സ്വയം ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു.

അങ്ങനെ കയറി ചെല്ലാന്‍ സാധ്യതയുള്ളവരെ നമ്മള്‍ ഭയക്കുകയും, അവരുടെ മുന്‍പില്‍ നമ്മള്‍ പല പേരില്‍ പല വിലാസങ്ങളില്‍ അറിയപ്പെടുകയും ചെയ്യുന്നു.

ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ചെയ്തു മറന്നു കളഞ്ഞ കുറ്റകൃത്യങ്ങളിലേക്ക് ഒരു യാത്ര നടത്തേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ ആ ചുരുളിയെലേക്കുള്ള വഴി ആരെങ്കിലും കണ്ടെത്തുമോ എന്ന് നമ്മള്‍ ആശങ്കപ്പെടുമ്പോള്‍ അപകടം പിടിച്ച ആ പാലം നമ്മള്‍ മുറിച്ചുകടക്കാറുണ്ട്, മാന്യമായ വേഷത്തിലും ഭാഷയിലും ഊന്നി നിര്‍ത്തിയിരിക്കുന്ന പരിഷ്‌കൃത സമൂഹത്തിലെ നിലനില്‍പ്പ് ഭദ്രമായിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്ന മനുഷ്യരുടെ ഉള്ളില്‍ അവര്‍ തന്നെ ഒളിപ്പിച്ചു പാര്‍പ്പിച്ച കുറ്റവാളികളെ തേടിയുള്ള യാത്ര സംഘര്‍ഷഭരിതമായിരിക്കും.

പാലത്തിനപ്പുറത്തുള്ള ഇടം വേറെയാണെന്ന് ബോധ്യപ്പെടുന്നതിന് മുന്‍പ് ചുരുളിയിലെ ദേശക്കാരുടെ ഭാഷ വേദനിപ്പിക്കുന്നുണ്ടെങ്കിലും പാലം കടക്കുമ്പോഴേക്ക് അവരുടെ ഭാഷ നമ്മുടെയും അവരുടെ ഉള്ളിലെ കുറ്റവാളി നമ്മളും അവരുടെ ദേശം നമ്മുടെ ദേശവുമാവുകയാണ്.

കുറ്റവാളികളല്ലാത്ത ആരും തന്നെയില്ലാത്ത ഒരു പ്രദേശമാണ് ചുരുളിയെന്നോ എല്ലാവരുടെയും ഉള്ളിലൊരു ചുരുളിയുണ്ടെന്നോ സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

പരിഷ്‌കൃത സമൂഹത്തിന്റെ ഉള്ള് എത്രമാത്രം അപരിഷ്‌കൃതമാണെന്നും അവരുടെയെല്ലാം ഉള്ളില്‍ പലവിധത്തിലുള്ള കുറ്റവാളികളെ ഒളിപ്പിച്ചു പാര്‍പ്പിച്ചിട്ടുണ്ടെന്നും അതിനെ കണ്ടെത്തുമ്പോഴോ തുറന്ന് കാട്ടുമ്പോഴോ അനുഭവിക്കേണ്ടി വരുന്ന ഭാഷയും പ്രവര്‍ത്തികളും എത്ര നീതിരഹിതമാണെന്നും തുറന്നു കാട്ടുന്നുണ്ടെങ്കിലും ഒരു കലാസൃഷ്ടി എന്ന നിലയില്‍ സിനിമയെ വിമര്‍ശനാത്മകമല്ലാതെ സമീപിക്കുന്നത് കുറ്റകൃത്യം തന്നെയാണ്.

സിനിമയിലുടനീളം ഉപയോഗിക്കുന്ന ഭാഷ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞതാണ്. അത്തരമൊരു ഭാഷ സിനിമയ്ക്ക് വിളിച്ചുപറയാനുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനിവാര്യമാണെങ്കിലും അത് പ്രയോഗിക്കപ്പെടുമ്പോള്‍ വേദനിക്കുന്നവരുടെ ഒരു പക്ഷമില്ലാത്തതും പ്രേക്ഷകന് സ്വാഭാവികമായി മാത്രം തോന്നുന്നതും കുറ്റകൃത്യങ്ങളെ (തെറിവിളികളെ) നോര്‍മലൈസ് ചെയ്യാന്‍ കാരണമാവുന്നുണ്ട്.

ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന ബാലന് പ്രതിഫലം കൊടുത്തില്ലെന്ന് പറഞ്ഞ് ആക്രമിക്കാന്‍ വരുന്ന ബാലന്റെ രക്ഷാധികാരികൂടിയായ സ്ത്രീക്ക് പണം ലഭിക്കുമ്പോള്‍ തൃപ്തിയാവുന്നത് മനുഷ്യത്വ വിരുദ്ധമായി എവിടെയും അനുഭവപ്പെടുന്നില്ല, പകരം നായകന്മാര്‍ക്ക് എളുപ്പം ഊരിപ്പോരാവുന്ന പഴുതുകളാണത്.

സിനിമ ഉടനീളം നായകരുടെ പക്ഷവും കൂടിയായത് കൊണ്ട് തന്നെ പ്രേക്ഷകന് നായകരുടെ നീതി പ്രേക്ഷകന്റെ നീതിയാവാതിരിക്കാന്‍ പ്രത്യേകിച്ചൊരു സംവിധാനവും ചെയ്തുവെച്ചിട്ടുമില്ല.

മനുഷ്യരെ വേട്ടയാടുന്ന ഭരണകൂട സംവിധാനങ്ങളുടെ ഏജന്റുമാര്‍ക്ക് ആ നായാട്ടില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാതെ പോവുന്നതിന്റെ നിരാശ കൂടി പങ്കുവെക്കുന്നുണ്ട് ചുരുളി. ആ കൊതി തീര്‍ക്കാന്‍ മറ്റൊരാള്‍ക്കൊപ്പം നായാട്ടിന് പോവുകയും വെറും കയ്യോടെ തിരിച്ചു വരികയും ചെയ്യേണ്ടി വരുമ്പോള്‍ കൂട്ടാളിയുടെ കുറ്റപ്പെടുത്തലുകളും ആക്രമണവും നേരിടുന്ന ഇര മാത്രമായാണ് നായകനെ ചിത്രീകരിച്ചിരിക്കുന്നത്.


പ്രേക്ഷകനെ വൈകാരികമായി നായകനൊപ്പം നിര്‍ത്താന്‍ സഹനായകന്റെ അല്‍പ്പം മാസ് അടങ്ങിയ ഇടപെടല്‍ കൂടി ചേര്‍ത്ത് പ്രേക്ഷകനെ തൃപ്തി പെടുത്തുകയും സഹനായകന്റെ നേതൃത്വത്തില്‍ ആഗ്രഹ സഫലീകരണത്തിന് വീണ്ടും ഇറങ്ങി പുറപ്പെടുകയും ചെയ്യുന്നുണ്ട്.

ആ നായാട്ടില്‍ പങ്കെടുക്കാന്‍ നായകര്‍ക്ക് കഴിയുന്നുണ്ടെങ്കിലും നായാട്ടിന് ശേഷം ഭരണകൂട സംവിധാനങ്ങള്‍ കുറ്റവാളികളായ ഏജന്റുമാരെ തന്നെ കൊടും വനത്തില്‍ ഇരുട്ടിനുള്ളില്‍ വഴി തിരിച്ചറിയാനാവാത്ത വിധം ഒറ്റപ്പെടുത്തി കളയുന്നുണ്ടെന്ന, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് എന്ന സിനിമയുടെ ഭാഷ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്, അപ്പോഴും പ്രേക്ഷകന്‍ നീതിയുടെ പക്ഷത്തായിരിക്കണമെന്ന കാര്യത്തില്‍ സിനിമയ്ക്ക് നിര്‍ബന്ധബുദ്ധിയൊന്നും തന്നെയില്ല.

ചുരുളി തുറന്നു കാട്ടാനുദ്ദേശിക്കുന്നത് പരിഷ്‌കൃതരായി ജീവിക്കുന്ന സമൂഹത്തിന്റെയുള്ളിലെ അപരിഷ്‌കൃതമായ ഭാവതലങ്ങളാണ്. ജീവിതത്തിലൊരു തവണയെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുള്ള ഏതൊരാളുടെയും ഉള്ളില്‍ ഒരു ചുരുളിയുണ്ടാവുമെന്നും ആ കൊടും വനത്തിലേക്ക് സ്വയം കയറി ചെല്ലുകയോ മറ്റുള്ളവരെ കയറിച്ചെല്ലാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യാന്‍ കഴിയുന്ന കാലം വരെ മാത്രമേ ചുരുളി നമുക്ക് അപരിചിതമാണെന്ന് ഭവിക്കാന്‍ കഴിയുകയുള്ളൂ എന്നും സിനിമ പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Churuli Malayalam Movie Review by Jaseel SM