സമരങ്ങളെ പുച്ഛിക്കരുത്
Farm Law
സമരങ്ങളെ പുച്ഛിക്കരുത്
ഫാറൂഖ്
Saturday, 20th November 2021, 8:37 pm
മോദി സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളൊക്കെ ഒന്നുകില്‍ പാളിപ്പോയിട്ടുണ്ട്. അല്ലെങ്കില്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. കാരണങ്ങള്‍ രണ്ടാണ്. കഴിവില്ലായ്മയും അഹങ്കാരവും.

നമ്മുടെ പത്രങ്ങളൊക്കെ പറയും പോലെ മോദി സര്‍ക്കാരിനെതിരെ വിജയിച്ച ആദ്യ സമരമല്ല കര്‍ഷക സമരം. ഭരണമേറ്റെടുത്ത ഉടനെ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ സമരം രാഹുല്‍ ഗാന്ധിയുടെ സൂട്ട്-ബൂട്ട്-കി-സര്‍ക്കാര്‍ മുദ്രാവാക്യത്തെ തുടര്‍ന്ന് പിന്‍വലിച്ചിട്ടുണ്ട്. പൗരത്വ നിയമം ഇതുവരെ നടപ്പാക്കാനായിട്ടില്ല, ഇതുവരെയുള്ള സ്ഥിതി വെച്ച് നോക്കുമ്പോള്‍ അതും പിന്‍വലിച്ച മട്ടാണ്.

എന്‍.ആര്‍.സി നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് പുറത്തു മാറ്റി പറഞ്ഞിട്ടുണ്ട്. വാക്സിന്‍ സൗജന്യമായി കൊടുക്കാന്‍ കേന്ദ്രം തയ്യാറല്ല എന്ന് പറഞ്ഞത് എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. പെട്രോള്‍ നികുതികള്‍ കുറച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചുകൊടുക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളൊക്കെ ഒന്നുകില്‍ പാളിപ്പോയിട്ടുണ്ട്. അല്ലെങ്കില്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. കാരണങ്ങള്‍ രണ്ടാണ്. കഴിവില്ലായ്മയും അഹങ്കാരവും.

ഒന്നാമത്തേത് കഴിവില്ലായ്മ- ഇപ്പോഴത്തെ സര്‍ക്കാരില്‍ ഒന്നോ രണ്ടോ പേരൊഴിച്ച് മിക്കവരുടെയും ബയോഡാറ്റയില്‍ എടുത്തു പറയാനുള്ളത് കലാപങ്ങളില്‍ പ്രതിയായതും ബലാത്സംഗവും കൊലപാതകവുമൊക്കെയാണ്. മിക്കവാറും എം.പിമാരും മന്തിമാരും പ്രാദേശികമായി വര്‍ഗീയ സംഘട്ടനങ്ങളുണ്ടാക്കി നേതാവായവരാണ്.

ഇന്ത്യ പോലുള്ള വളരെ ബൃഹത്തും വൈവിധ്യവുമുള്ള ഒരു രാജ്യത്ത് നിയമ നിര്‍മാണങ്ങള്‍ നടത്തണമെങ്കില്‍ അതിനനുസരിച്ചിട്ടുള്ള കഴിവും അറിവും വേണം. അത് മന്ത്രിമാര്‍ക്കില്ല. സ്വാഭാവികമായും ഉദ്യോഗസ്ഥരുടെ സഹായം വേണം. ഈ ഭരണത്തില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ മുഴുവന്‍ ശരാശരിക്കാരായ ഏറാന്മൂളികളാണ്. അവരെ കൊണ്ട് കൂട്ടിയാല്‍ കൂടുന്ന കാര്യമല്ല നിയമനിര്‍മാണമൊന്നും.

രണ്ടാമത്തേത് അഹങ്കാരം, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് ബാധിക്കാനിടയുള്ള ആളുകളുമായി സംസാരിക്കുക എന്നത് ഏതു സര്‍ക്കാരും ചെയ്യുന്നതാണ്. മാസങ്ങള്‍ നീളുന്ന കൂടിയാലോചനകള്‍ നടക്കണം. പരമാവധി എല്ലാവരെയും വിശ്വാസത്തിലെടുക്കണം.

പ്രതിപക്ഷത്തിന് നിയമനിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണം, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. നിയമം ബാധിക്കാനിടയുള്ളവര്‍ക്ക് നഷ്ടം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം. പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യണം. സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിച്ചു വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും നിയമത്തില്‍ അഭിപ്രായം പറയാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവണം. ഇങ്ങനെയൊക്കെയാണ് നിയമങ്ങളുണ്ടാകേണ്ടത്.

പകരം സംഭവിക്കുന്നതെന്താണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ശരാശരിക്കാരായ ഉദ്യോഗസ്ഥര്‍ കുത്തിയിരുന്ന് നിയമങ്ങളുണ്ടാക്കും, വകുപ്പ് മന്ത്രി പോലും അറിയില്ല, അറിഞ്ഞിട്ടും കാര്യമില്ല. സഖ്യകക്ഷികളോട് സംസാരിക്കില്ല. സ്വന്തം പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്യില്ല. പാര്‍ലമെന്റ് പിരിയുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് ബില്ല് അവതരിപ്പിക്കും.

ബില്ല് ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഭരണകക്ഷി എം.പിമാര്‍ കയ്യടിച്ചു പാസാക്കും. പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാത്ത നിയമങ്ങള്‍ സ്വാഭാവികമായും തെരുവില്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രതികരണങ്ങളുണ്ടാകും, സമരങ്ങളുണ്ടാകും. അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചൊതുക്കാന്‍ ശ്രമിക്കും. ഇതൊക്കെ പരാജയപ്പെടുമെന്നുള്ള ഉള്‍ക്കാഴ്ച ഇല്ലാത്ത ഭക്തന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കും.

ഷോക്ക്-ആന്‍ഡ്-ഓ രീതിയിലുള്ള തീരുമാനങ്ങളാണ് മോദിക്കും ഭക്തന്മാര്‍ക്കും ഇഷ്ടം. തീരുമാനം വരുമ്പോള്‍ നാട്ടുകാരൊക്കെ ഞെട്ടണം. ജനങ്ങളെ ഞെട്ടിക്കാനുള്ള കഴിവാണ് ഭരണമികവ് എന്ന വിശ്വാസം, ആരെന്ത് പറഞ്ഞാലും തങ്ങളെ ബാധിക്കില്ല എന്ന ധാര്‍ഷ്ട്യം, ഇത് രണ്ടും ചേര്‍ന്നാണ് മിക്ക നിയമനിര്‍മാണങ്ങളും പരാജയപ്പെടുത്തുന്നത്.

പ്രതിപക്ഷത്തെ ബുള്ളി ചെയ്യുന്നത് വലിയൊരു കഴിവാണെന്ന് സ്വയം വിശ്വസിക്കുന്നു. എല്ലാ ബുള്ളികളെയും പോലെ ദുര്‍ബലരെ പേടിപ്പിച്ചോടിപ്പിക്കുകയും ആരെങ്കിലും ഓടാതെ തിരിഞ്ഞു നില്‍ക്കുമ്പോള്‍ സ്വയം പേടിച്ചോടുകയും ചെയ്യുന്നു.

ഈ കോളത്തില്‍ എപ്പോഴും പറയുന്നത് പോലെ എല്ലാരംഗത്തും നിരന്തരം പരിഷ്‌കരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കണം, അതിലൊന്നാണ് കാര്‍ഷിക മേഖലയും. ലോകത്ത് തന്നെ ഏറ്റവും ദരിദ്രരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇന്ത്യയിലേത്. ഈ മേഖലയില്‍ വ്യാപകമായി പരിഷ്‌കാരങ്ങളും നിയമനിര്‍മാണങ്ങളും വേണമെന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രകടനപത്രികയില്‍ തന്നെ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാമിനാഥന്‍ കമ്മിറ്റിയടക്കം നിരവധി കമ്മിറ്റികള്‍ നിയമ നിര്‍മാണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ ഭൂരിപക്ഷവും മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണയുമുള്ള മോദി സര്‍ക്കാരിന് അവരുടെ ഭരണകാലത്ത് ചെയ്യാനുള്ള ഏറ്റവും നല്ല കാര്യമായിരുന്നു കാര്‍ഷിക പരിഷ്‌കാരങ്ങള്‍. അധികാരത്തില്‍ വന്ന ഉടനെ കര്‍ഷകരെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിദഗ്ദ്ധരെയും വിശ്വാസത്തിലെടുത്ത് വിശദമായ ചര്‍ച്ച നടത്തി നിയമ നിര്‍മാണം നടത്തിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അതൊരു വലിയ നേട്ടമായേനെ.

സമയമെടുത്ത് ചെയ്യേണ്ടതാണ് രാജ്യത്തെ മുക്കാല്‍ ഭാഗം ജനങ്ങളെയും ബാധിക്കുന്ന നിയമനിര്‍മാണങ്ങള്‍ എന്നത് മനസ്സിലാക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയി. ഹരിത വിപ്ലവം പോലും വര്‍ഷങ്ങളോളം കര്‍ഷകരോട് സംസാരിച്ചതിന് ശേഷമാണ് നടപ്പാക്കിയത് എന്ന് മനസിലാക്കാനുള്ള ചരിത്ര ബോധവും ഇല്ലാതെ പോയി.

പകരം ആദ്യത്തെ നാല് വര്‍ഷം നോട്ടുനിരോധനവും വിദേശ പര്യടനങ്ങളും നടത്തി നശിപ്പിച്ചു. പിന്നീട് കൊറോണയെ മറയാക്കി ചുട്ടെടുത്ത ഓര്‍ഡിനന്‍സ് കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കി. എല്ലാം പരാജയപ്പെട്ടു. കാര്‍ഷികരംഗത്ത് സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഇനിയെന്ന് വരുമെന്ന് പറയാന്‍ കഴിയില്ല എന്നതാണ് എല്ലാം കഴിയുമ്പോഴുള്ള സങ്കടം.

ഈ സമയത്ത് നമ്മള്‍ തിരുത്താന്‍ തയ്യാറാകേണ്ട ചില ധാരണകളുണ്ട്. അതിലൊന്നാണ് ശക്തമായ സര്‍ക്കാര്‍, അല്ലെങ്കില്‍ ശക്തമായ പ്രധാനമന്ത്രിയാണ് രാജ്യത്തിന് വേണ്ടത് എന്നത്.

കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ വന്ന ഏറ്റവും ശക്തമായ സര്‍ക്കാര്‍ ഒരു നിയമനിര്‍മാണം പോലും നടത്താന്‍ പ്രാപ്തിയില്ലാത്തവരാണെന്ന് തെളിയിക്കുകയും രാജ്യത്തെ സാമ്പത്തികമായി ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ എത്തിക്കുകയും ചെയ്തപ്പോള്‍, ഒരു ന്യൂനപക്ഷ സര്‍ക്കാരായിരുന്ന നരസിംഹറാവുവാണ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നത്.

ദുര്‍ബലനാണെന്ന് കരുതപ്പെട്ട മന്‍മോഹന്‍സിങ്ങാണ് വിവരാവകാശവും ആധാറും ഉള്‍പ്പടെ ഏറ്റവും ചരിത്രപരമായ നിയമനിര്‍മാണങ്ങള്‍ നടത്തിയതെന്നും ഓര്‍ക്കണം. നിയമനിര്‍മാണത്തില്‍ മാത്രമല്ല, ചൈന അതിര്‍ത്തികള്‍ കയ്യേറി ഗ്രാമങ്ങള്‍ നിര്‍മിക്കുമ്പോള്‍ ശക്തരെന്ന് കരുതുന്ന പ്രധാനമന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം.

ഭരിക്കുന്നവര്‍ക്ക് ശക്തി വേണ്ട ബുദ്ധി മതി എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണം.

1986 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തില്‍ ‘ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല’ എന്ന മുദ്രാവാക്യം വിളിച്ചു കുറെ യുവാക്കള്‍ തെരുവ് നാടകം കളിക്കുന്ന ഒരു രംഗമുണ്ട്. അന്നത് ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല എന്ന് അക്കാലത്തു കേരളത്തിലെ കാമ്പസുകളില്‍ ജീവിച്ചവര്‍ക്കറിയാം.

ഇന്നാണെങ്കില്‍ ഒട്ടേറെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് ആ സമരങ്ങള്‍ ഇന്ധനമായേനെ. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയുള്ള ദക്ഷിണാഫ്രിക്കയിലെ ശക്തമായ പ്രിട്ടോറിയ ഭരണകൂടം, അവര്‍ക്കെതിരെ സമരം നടത്തുന്ന അര്‍ബന്‍ നക്‌സലുകളുടെ നേതാവ് മണ്ടേല. അയാള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ കേരളത്തില്‍ കുറെ പൊട്ടന്മാര്‍, അതായിരിക്കും ഇന്നത്തെ തീം.

ഏതായാലും ആ സമരം വിജയിച്ചു. പ്രിട്ടോറിയ ഭരണം തകര്‍ന്നു. നെല്‍സണ്‍ മണ്ടേല ദക്ഷിണാഫിക്കന്‍ പ്രസിഡണ്ട് ആയി. അതൊക്കെ സംഭവിച്ചത് നമ്മുടെ കാമ്പസില്‍ കുറെ കുട്ടികള്‍ മുദ്രാവാക്യം വിളിച്ചത് കൊണ്ടാണോ എന്ന് ചോദിക്കാം. ലോകം മുഴുവന്‍ അത്തരം പ്രതിഷേധങ്ങള്‍ നടന്നിട്ടില്ലായിരുന്നെങ്കില്‍ മണ്ടേല ജയിലില്‍ കിടന്ന് മരിച്ചേനെ, വര്‍ണ വിവേചനം തുടര്‍ന്നേനെ.

അതുകൊണ്ട് നമുക്കുറപ്പിച്ചു പറയാം ആ സമരങ്ങളൊക്കെ ഫലപ്രാപ്തിയിലെത്തി എന്ന്. ഇത് തന്നെയാണ് വിയറ്റ്‌നാം യുദ്ധത്തിന്റെയും കാര്യം.

ആ തലമുറ കണ്ടു വളര്‍ന്നത് പ്രധാനമായും രണ്ട് രാഷ്ട്രീയ പാര്‍ടികളെയായിരുന്നു. കോണ്‍ഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും. രണ്ടും സമരങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് ബ്രിട്ടീഷ് സാമ്രാജ്യത്തോട് നിരന്തരം പോരാടി ഇന്ത്യക്ക് സ്വാതന്ത്യ്രം വാങ്ങിക്കൊടുത്ത പ്രസ്ഥാനം. കമ്മ്യൂണിസ്റ്റുകാര്‍ ജന്മിത്വത്തിനെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും പോരാടി വളര്‍ന്ന പ്രസ്ഥാനം.

അന്നൊന്നും സമരങ്ങള്‍ പരിഹസിക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല.

കാര്യങ്ങള്‍ മാറി മറിഞ്ഞത് 80 കള്‍ക്ക് ശേഷമാണ്, പ്രധാനമായും എല്‍.കെ. അദ്വാനിയുടെ രഥയാത്രയോടെ. പാര്‍ട്ടി വളര്‍ത്താനും അധികാരം പിടിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയോ സമരങ്ങള്‍ നടത്തുകയോ വേണ്ടെന്നും വര്‍ഗീയത മതിയെന്നും രാഷ്ട്രീയക്കാര്‍ക്ക് മനസിലായത് അക്കാലത്താണ്.

വര്‍ഗീയത പറയുക, കുത്തി തിരിപ്പുണ്ടാക്കുക, കലാപങ്ങളുണ്ടാക്കുക, ഇതായി ഫോര്‍മുല. സമരത്തിനൊന്നും വലിയ പ്രാധാന്യമില്ല.

പിന്നീട് സോഷ്യല്‍ മീഡിയ വന്നു. ഇത് സോഷ്യല്‍ മീഡിയ കാലം. പരിഹാസം, വര്‍ഗീയത, വിഭാഗീയത ഒക്കെയാണ് സോഷ്യല്‍ മീഡിയയുടെ ശക്തി. ഈയടുത്തു പുറത്തുവന്ന ഫേസ്ബുക്കിന്റെ ഇന്റെണല്‍ ഡോക്യൂമെന്റുകള്‍ പ്രകാരം അവര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇതൊക്കെ. വൈറല്‍ ആകാനും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഷെയര്‍ ചെയ്യപ്പെടാനും ഇതിനൊക്കെയെ കഴിയൂ എന്നതും അതിനനുസരിച്ചാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ അല്‍ഗോരിതം എഴുതുന്നതെന്നും തെളിയിക്കപ്പെട്ടതാണ്.

അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ജീവിക്കുന്നവര്‍ ഇരുപത്തിനാല് മണിക്കൂറും വര്‍ഗീയതയും വിദ്വേഷവും നിറഞ്ഞ മനസുമായി ജീവിക്കുന്നതും അതില്‍ കിടന്നു മെഴുകുന്നതും. ഏതു സമരവും പരിഹസിക്കപ്പെടാനുള്ളതാണെന്ന ധാരണ ഉണ്ടാക്കിയെടുക്കാന്‍ ഭരണകൂടം പ്രധാനമായി ഉപയോഗിക്കുന്നതും ഇവരെയാണ്.

ഇവിടെയാണ് ആമസോണ്‍ കാടുകള്‍ നശിപ്പിക്കപ്പെടുന്നതിനെതിരെ നമ്മുടെ കുട്ടികള്‍ പ്ലക്കാര്‍ഡ് പിടിക്കുന്നത് പരിഹസിക്കപ്പെടേണ്ടതാണെന്ന ബോധം നിര്‍മ്മിക്കപ്പെടുന്നത്. വളരെ ലെജിറ്റിമേറ്റ് ആയിട്ടുള്ള സമരമായിരുന്നു അത്, പരിഹസിക്കപ്പെടേണ്ട ഒന്നും അതിലില്ല.

എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ നിന്ന് എയര്‍ കണ്ടിഷന്‍ഡ് കാറുകളിലേക്കും അവിടെ നിന്ന് എയര്‍ കണ്ടിഷന്‍ഡ് സ്റ്റുഡിയോകളിലേക്കും പോയി, ഗൂഗിളും വിക്കിപീഡിയയും കാണാതെ പഠിച്ചു രാഷ്ട്രീയ നിരീക്ഷണം ഒരു ജീവിത മാര്‍ഗമാക്കുന്ന പണിക്കന്മാര്‍ സമരങ്ങളെ പരിഹസിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

അവര്‍ക്കറിയാവുന്ന രാഷ്ട്രീയം വിജയങ്ങളുടേത് മാത്രമാണ്. വിജയിക്കുന്നവരുടെ രാഷ്ട്രീയമാണ് അവരുടെ ശരി ഒരു കൂലിപ്പണിക്കാരനെയോ ഓട്ടോക്കാരനെയോ കര്‍ഷക തൊഴിലാളിയെയോ അവര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി കാണുന്നതേയില്ല. അഥവാ കാണുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിശാല താല്പര്യത്തിന് വേണ്ടി അവര്‍ കുറേ സഹിക്കട്ടെ എന്നതാണ് നിലപാട്.

പക്ഷെ ഇപ്പോള്‍ വിജയിച്ച കര്‍ഷക സമരം മറ്റൊന്ന് തെളിയിച്ചു. സമരങ്ങള്‍ എക്കാലത്തെ പോലെ ഇക്കാലത്തും വിജയിക്കും. നമ്മള്‍ ഇന്ന് കാണുന്ന അവകാശങ്ങളും സമത്വവും അധികാരങ്ങളും സ്വാതന്ത്ര്യവുമൊന്നും ആരും തളികയില്‍ വെച്ച് തന്നതല്ല. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്തതാണ്. സമരങ്ങള്‍ എല്ലാ കാലത്തും നടക്കും, വിജയിക്കും.

വാല്‍കഷ്ണം: എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ ബഹളമുണ്ടാക്കിയ നടന്‍ ജോജു ജോര്‍ജ് ചെയ്ത സേവനമൊന്നും അടുത്ത കാലത്ത് വേറാരും കോണ്‍ഗ്രസിന് വേണ്ടി ചെയ്തിട്ടില്ല. ആരും അറിയാതെ പോകുമായിരുന്ന ഒരു പ്രാദേശിക സമരത്തെ ജോജു കേരളം മുഴുവന്‍ പ്രശസ്തമാക്കി.

കോണ്‍ഗ്രസുകാര്‍ സമരം ചെയ്തത് കൊണ്ടാണ് പെട്രോളിന് വില കുറച്ചതെന്ന് വിചാരിക്കുന്ന അധികം പേരില്ലെങ്കിലും കോണ്‍ഗ്രസുകാര്‍ സമരം ചെയ്തു ജനങ്ങളോടൊപ്പം നിന്നു എന്ന് മിക്കവരും കരുതുന്നുണ്ട്. ഇക്കാലത്ത് അതൊരു ചെറിയ കാര്യമല്ല. ജോജുവിന്റെ വീട്ടിനു മുമ്പില്‍ സമരം ചെയ്യാനല്ല കോണ്‍ഗ്രസുകാര്‍ പോവേണ്ടത്, നന്ദി പറയാനാണ്.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farooq opinion on Farmers Protest and Farm Law Repeal

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ