ബോളിവുഡിന് സര്‍പ്രൈസായി ചുപ്; ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
Film News
ബോളിവുഡിന് സര്‍പ്രൈസായി ചുപ്; ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 3:08 pm

സെപ്റ്റംബര്‍ 23നാണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ചുപ് തിയേറ്ററുകളിലേക്കെത്തിയത്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ചിത്രം സൈക്കോ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങിയത്. റിലീസ് ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഭേദപ്പെട്ട പ്രകടനമാണ് ചിത്രം നടത്തിയിരിക്കുന്നത്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചുപ് നേടിയത് 2.5 കോടിക്കും 3 കോടിക്കും ഇടയിലാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രഹ്മാസ്ത്രക്ക് ശേഷം മികച്ച ആദ്യ ദിന കളക്ഷനും പ്രേക്ഷക പ്രശംസയും നേടുന്ന ചിത്രമാണ് ചുപ്.

റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര പ്രകടനത്തിനൊപ്പം ഫസ്റ്റ് ഹാഫിലെ മികവും പ്രേക്ഷകര്‍ എടുത്തുപറഞ്ഞു.

റിലീസിന് മുമ്പേ തന്നെ ചുപിന്റെ 1,25,000 ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയതും ചിത്രത്തിന് ഗുണം ചെയ്തു. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്.

ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രേയ ധന്വന്തരി നായകയായ ചിത്രത്തില്‍ സണ്ണി ഡിയോളും പൂജ ഭട്ടുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കര്‍വാന്‍, സോയ ഫാക്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.

Content Highlight: chup the revenge of the artist earns between 2.5 crore and 3 crore in first day