സ്റ്റേറ്റ് അവാര്‍ഡ് വലിയൊരു സംഭവമാണെന്ന് അതു കിട്ടിക്കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായതെന്ന് സംഗീത സംവിധായകന്‍ ക്രിസ്‌റ്റോ സേവ്യര്‍. ഭ്രമയുഗത്തിനാണ് കഴിഞ്ഞ ദിവസം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ക്രിസ്റ്റോയെ തേടിയെത്തിയത്. ഇപ്പോള്‍ സംസ്ഥാ അവാര്‍ഡ് കിട്ടിയതിനെ സന്തോഷം പങ്കുവെക്കുകയാണ് അദ്ദേഹം.
‘ഡീയസ് ഈറെയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടയിലാണ് സംസ്ഥാന പുരസ്‌കാര വാര്‍ത്ത വരുന്നത്. ഒരുപാട് പേര്‍ വിളിച്ചു. പ്രതീക്ഷിക്കാത്ത ആളുകള്‍ വരെ വിളിച്ചു. ഫോണും വാട്‌സാപുമൊക്കെ ഹാങ്ങായി. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോഴാണ് അത് ഇത്ര വലിയ സംഭവമാണെന്ന് മനസിലായത്.
മമ്മൂക്കയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ പടത്തില്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതാണ് വലിയ സന്തോഷം,’ ക്രിസ്റ്റോ പറയുന്നു.
ഇതിന് ശേഷം താന്‍ അച്ഛനെയും അമ്മയേയും കൂട്ടി നേരെ മമ്മൂട്ടിയുടെ അടുത്തു പോയി അദ്ദേഹത്തെ കണ്ടെന്നും നല്ലൊരു മൊമന്റ് ആയിരുന്നു അതെന്നും ക്രിസ്റ്റോ സേവ്യര്‍ പറയുന്നു. അവാര്‍ഡ് വിവരം അറിഞ്ഞ് ആദ്യം വിളിച്ചത് മദനോല്‍സവത്തിന്റെ സംവിധായകന്‍ സുധീഷാണെന്നും സിനിമയില്‍ എനിക്ക് ആദ്യം അവസരം തന്നത് അദ്ദേഹമാണെന്നും ക്രിസ്റ്റോ കൂട്ടിച്ചേര്‍ത്തു.
‘അന്ന് എനിക്ക് 22 വയസ്സേ ഉള്ളൂ. ആ പ്രായത്തില്‍ ഒരു സിനിമ എന്നെ ഏല്‍പ്പിക്കാനുള്ള വിശ്വാസം അദ്ദേഹം കാണിച്ചു. കണ്ണു നിറഞ്ഞാണ് സുധീഷേട്ടനോട് സംസാരിച്ചത്. ഭ്രമയുഗത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത് മുഴുവന്‍ സീനിയര്‍ ടെക്‌നീഷ്യന്‍സിനൊപ്പമായിരുന്നു. ഷഹ്നാദ് ഇക്ക, ജ്യോതിഷേട്ടന്‍, സൗണ്ട് ഡിസൈനര്‍ ജയദേവേട്ടന്‍, മേക്കപ്പ് റോണക്‌സേട്ടന്‍. ഇവരെല്ലാവരും അവാര്‍ഡ് അടിച്ച് നില്‍ക്കുന്ന ആളുകളാണ്,’ ക്രിസ്റ്റോ പറയുന്നു.
Content highlight: Christo Xavier said that he realized that the State Award was a big event only after receiving it