എസ്ര കണ്ട് ഇഷ്ടം തലക്ക് പിടിച്ച് നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു; ആശാനും ശിഷ്യനും ഒരുമിച്ച് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം: ക്രിസ്റ്റോ സേവ്യര്‍
Malayalam Cinema
എസ്ര കണ്ട് ഇഷ്ടം തലക്ക് പിടിച്ച് നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു; ആശാനും ശിഷ്യനും ഒരുമിച്ച് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം: ക്രിസ്റ്റോ സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th November 2025, 4:41 pm

സംഗീതം സംവിധായകന്‍ സുഷിന്‍ ശ്യമിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റോ സേവ്യര്‍. എസ്ര കണ്ട് ഇഷ്ടം തലയ്ക്ക് പിടിച്ചാണ് സുഷിന്റെ നമ്പര്‍ തപ്പിയെടുത്ത് അദ്ദേഹത്തെ വിളിക്കുന്നതെന്നും അസിസ്റ്റന്റ് ആക്കാമോ എന്നായിരുന്നു തന്റെ ചോദ്യമെന്നും ക്രിസ്‌റ്റോ പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുഷിന്‍ ചേട്ടന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. അപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി സ്റ്റുഡിയോ സ്‌പേസ് ആയിട്ടില്ല. അവസാനം, ട്രാന്‍സിന്റെ സമയത്താണ് ഞാന്‍ വീണ്ടും വിളിച്ചത്. അങ്ങനെ, അദ്ദേഹത്തിനൊപ്പം നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. മിന്നല്‍ മുരളി, കുറുപ്പ്, ഭീഷ്മപര്‍വം എന്നിങ്ങനെ കുറച്ചു ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. പിന്നെ, ഞാന്‍ സ്വതന്ത്രമായി സിനിമ ചെയ്തു,’ ക്രിസ്റ്റോ പറയുന്നു.

ഓരോ സിനിമയും കണ്ട് സുഷിനെ വിളിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷലാണെന്നും ക്രിസ്‌റ്റോ പറഞ്ഞു. ഡീയസ് ഈറെയ്ക്ക് നല്ല അഭിപ്രായങ്ങള്‍ വന്നപ്പോള്‍ താന്‍ അദ്ദേഹത്തോട് കാണണമെന്ന് പറഞ്ഞിരുന്നുവെന്നും ക്രിസ്‌റ്റോ കൂട്ടിച്ചേര്‍ത്തു.

‘സുഷിന്റെ അടുത്ത് നിന്ന് ഇത് അടിപൊളിയാണെന്ന് കേള്‍ക്കുന്നതിന്റെ സുഖം ഒന്നു വേറെയാണ്. ഇത്തവണ അദ്ദേഹത്തിനും അവാര്‍ഡ് ഉണ്ടല്ലോ. ആശാനും ശിഷ്യനും ഒരുമിച്ച് അവാര്‍ഡ് കിട്ടിയതില്‍ വലിയ സന്തോഷം,’ ക്രിസ്റ്റോ പറയുന്നു.

തിയേറ്ററില്‍ പ്രദര്‍ശനം തുടുരുന്ന രാഹുല്‍ സദാശിവന് സിനിമ ഡീയസ് ഇറെയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഭ്രമയുഗത്തിലെ പശ്ചാത്തല സംഗീത്തിന് ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതേസമയം ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തിലൂടെയാണ് സുഷിന്‍ ശ്യാം ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയത്.

Content highlight: Christo Xavier is talking about music director Sushin Shyam