ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാല് ദിവസത്തിന് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജബല്‍പൂര്‍ നഗരത്തില്‍ രണ്ട് കത്തോലിക്ക പുരോഹിതന്മാര്‍ക്കെതിരെ നാല് ദിവസം മുമ്പാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
(ഭാരതീയ ന്യായ സംഹിത ബി.എന്‍.എസ്) പ്രകാരം കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ സാഹു പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാരും ബി.ജെ.പിയും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നകതിന്റെ ഉദാഹരങ്ങളിലൊന്നാണെന്ന് കാണിച്ച് ഇന്നലെ പ്രതിപക്ഷം ലോക്‌സഭയില്‍ വിഷയമുന്നയിച്ചിരുന്നു. ജോണ്‍ബ്രിട്ടാസ് എം.പി ഉള്‍പ്പെടെയുള്ളവരാണ് വിഷയം ഉന്നയിച്ചത്. പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 31നാണ് മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കും മര്‍ദനമേറ്റത്. മാണ്ട്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലിയുടെ ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.
ഈ സമയം ബജ്രംഗ്ദള്‍ സംഘം തടഞ്ഞുനിര്‍ത്തി വിശ്വാസികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടഞ്ഞുനിര്‍ത്തിവിശ്വാസികളെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക്ബജ്രംഗ്ദള്‍ സംഘം കൊണ്ടുപോയി.