ക്രിസ്തീയ പ്രാർത്ഥനയെ വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ ദുരുപയോഗിക്കരുത്; ജിന്റോ ജോണിനെതിരെ ദീപിക
Kerala
ക്രിസ്തീയ പ്രാർത്ഥനയെ വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ ദുരുപയോഗിക്കരുത്; ജിന്റോ ജോണിനെതിരെ ദീപിക
രാഗേന്ദു. പി.ആര്‍
Thursday, 26th February 2026, 4:13 pm

കൊച്ചി: ക്രിസ്തീയ പ്രാർത്ഥനയെ വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ ദുരുപയോഗിക്കരുതെന്ന് ദീപിക ദിനപത്രം. എഡിറ്റോറിയലിലാണ് ദീപികയുടെ വിമർശനം.

പ്രാർത്ഥനയിലെ ചില ഭാഗങ്ങൾ വളച്ചൊടിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ മതരാജ്യവുമായി കൂട്ടികുഴക്കാൻ ശ്രമിക്കേണ്ടെന്നാണ് ലേഖനത്തിൽ പറയുന്നത്. കോൺഗ്രസ് നേതാവ് ജിന്റോ ജോൺ നടത്തിയ പ്രസ്താവനക്കെതിരെയാണ് ദീപികയുടെ ലേഖനം.

‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയിൽ അങ്ങയുടെ രാജ്യം വരണമേ എന്ന് പറയുന്നതിന്റെ അർത്ഥം ക്രൈസ്തവ ഭരണം വരണമേയെന്നല്ല എന്നായിരുന്നു ജിന്റോ ജോണിന്റെ പരാമർശം. മാതൃഭൂമിയിലെ ചർച്ചക്കിടെയാണ് ജിന്റോ ജോൺ ഈ പരാമർശം നടത്തിയത്.

എന്നാൽ വിവേകമുള്ള ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നും യുവനേതാവിന്റെ വക്രീകരണം, തങ്ങളുടെ ലക്ഷ്യം ഇസ്‌ലാമിക റിപ്പബ്ലിക്കാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ജമാഅത്തിനെ വെളുപ്പിക്കാനായിരുന്നുവെന്നും ദീപിക വിമർശിച്ചു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാക്കത്തൊള്ളായിരം തീവ്രഹിന്ദുത്വ സംഘടനകളെ തള്ളിപ്പറയാതെയാണ് യുവനേതാവ് ധർമരാഷ്ട്ര വ്യാഖ്യാനം നടത്തിയതെന്നും ദീപിക ചൂണ്ടിക്കാട്ടി.

മതവും രാഷ്ട്രീയവും രണ്ടായി കാണണമെന്നുള്ള സാമാന്യബോധം പോലുമില്ലാത്തവർ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ചർച്ചകൾ കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ് മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിനിടെയാണ്, ഇസ്‌ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിന് എല്ലാ വർഗീയതകളെയും തള്ളിപ്പറയാനുള്ള ആത്മവിശ്വാസം ഇല്ലെന്നാകരുതെന്നും വിമർശനമുണ്ട്. ജിന്റോ ജോണിന്റെ വ്യാജ താരതമ്യം മതമൗലികവാദ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആഘോഷിക്കുന്നുണ്ടെന്നും ദീപിക ചൂണ്ടിക്കാട്ടി. അവർക്കത് വിലപ്പെട്ടതായതിന്റെ കാരണം തിരിച്ചറിയണമെങ്കിൽ അതിനും വേണം മതേതരബോധമെന്നും ലേഖനം വിമർശിക്കുന്നു.

‘സ്വ​​ർ​​ഗ​​സ്ഥ​​നാ​​യ പി​​താ​​വേ… എ​​ന്ന പ്രാ​​ർത്ഥനയിൽ ദൈ​വരാജ്യം പോ​​ലെ​​യാ​​ണ് ജ​​മാഅ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ ‘ഹു​​ക്കു​​മ​​ത്തെ ഇ​​ലാ​​ഹി’ വാ​​ദ​​വു​​മെ​​ന്ന് ലീ​​ഗു​​കാ​​ർ ഉ​​ൾ​​പ്പെ​​ടെ പ​​റ​​യാ​​ൻ തു​​ട​​ങ്ങി. ഇത് ക്രൈ​​സ്ത​​വ​​രെ അപമാനിക്കുന്നതിന് തുല്യമാണ്,’ എന്നും ദീപിക പറയുന്നു.

സ്ത്രീ​​ക​​ൾ​​ക്കും ഇ​​ത​​ര​​ മ​​ത​​സ്ഥ​​ർ​​ക്കും സ്വാ​​ത​​ന്ത്ര്യ​​മി​​ല്ലാ​​ത്ത ‘ഹു​​ക്കു​​മ​​ത്തെ ഇ​​ലാ​​ഹി’ നി​​ല​​നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലെ സ്ഥിതി എ​​ന്താ​​ണെ​​ന്ന് എ​​ല്ലാ​​വ​​രും ആ​​ലോ​​ചി​​ക്ക​​ണമെന്നും ലേഖനം നിർദേശിച്ചു. കാപട്യങ്ങളിലൂടെ നാട് നശിപ്പിക്കരുതെന്നും ദീപിക പ്രതികരിച്ചു.

കേന്ദ്ര സർക്കാരിനെയും ദീപിക വിമർശിക്കുന്നുണ്ട്. മതത്തിന്റെ പേരിൽ മാത്രം ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും ആക്രമിക്കുന്ന സംഘടനകളെ കേന്ദ്രം ഇന്നുവരെ നിയന്ത്രിച്ചിട്ടില്ലെന്നാണ് വിമർശനം.

കഴിഞ്ഞ ദിവസം ‘പ്രഹാർ’ എന്ന പേരിൽ ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. ഭീകരതയ്ക്ക് മതവും വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ മുൻനിർത്തിയാണ് ദീപികയുടെ പ്രസ്താവന.

Content Highlight: Christian prayer should not be misused to justify communal alliances; Deepika against Jinto John

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.