ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
New Zealand Shooting
പള്ളി വെടിവെയ്പ്: ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് റദ്ദാക്കി
ന്യൂസ് ഡെസ്‌ക്
7 days ago
Friday 15th March 2019 10:37am

ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളിയില്‍ ഉണ്ടായ വെടിവെയ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരം ഒഴിവാക്കി. മാര്‍ച്ച് 16ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗ്‌ലി ഒവലിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.

അക്രമത്തിന് ഇരകളായവര്‍ക്ക് അനുശോചനം അറിയിച്ച് കൊണ്ട് ന്യൂസിലാന്‍ഡ് ടീമാണ് മത്സരം ഒഴിവാക്കിയതായി അറിയിച്ചത്. ബംഗ്ലാദേശ് ടീമിനോട് കൂടി ആലോചിച്ചാണ് നടപടിയെന്നും ന്യൂസിലാന്‍ഡ് ടീം ട്വിറ്ററില്‍ അറിയിച്ചു.

ബംഗ്ലാദേശ് താരങ്ങള്‍ പള്ളിയിലേക്ക് കയറാന്‍ പോകുമ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വക്താവ് ജലാല്‍ യൂസഫ് പറഞ്ഞു. കളിക്കാര്‍ സുരക്ഷിതരാണെന്നും എന്നാല്‍ താരങ്ങള്‍ അക്രമത്തിന്റെ ഞെട്ടലിലാണെന്നും ടീം വക്താവ് പറഞ്ഞു.

പ്രാര്‍ത്ഥനയക്കായി പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു സ്ത്രീ വന്ന് താരങ്ങളെ തടയുകയായിരുന്നുവെന്ന് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ ബംഗ്ലാദേശ് കറസ്പോണ്ടന്റ് മുഹമ്മദ് ഇസ്ലാം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സമീപത്തുള്ള ഹാഗ്ലെ പാര്‍ക്കിലേക്കും അവിടെ നിന്ന് ഓടി ഓവലിലെ ഹോട്ടലിലേക്കും തിരിച്ചുപോവുകയായിരുന്നു.

വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും വിവരങ്ങള്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പള്ളികളും ക്രൈസ്റ്റ്ചര്‍ച്ചിലെ സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement