മാര്‍വല്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ക്രിസ് ഇവാന്‍സ്. അവഞ്ചേഴ്‌സിലെ ആദ്യ സൂപ്പര്‍ഹീറോയായ ക്യാപ്റ്റന്‍ അമേരിക്കയെയാണ് ക്രിസ് അവതരിപ്പിച്ചത്. കോമിക്കിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ മാര്‍വലിന്റെ ഭാഗമായി നിന്ന ഏഴ് വര്‍ഷങ്ങളിലും ക്രിസിന് സാധിച്ചു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ അതിഗംഭീരമായ അവസാനമാണ് ക്യാപ്റ്റന്‍ അമേരിക്കക്ക് നല്‍കിയത്.
എന്‍ഡ് ഗെയിമിന് ശേഷം ഒരൊറ്റ ചിത്രത്തില്‍ മാത്രമായിരുന്നു ക്രിസ് മാര്‍വലിന്റെ ഭാഗമായത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനില്‍ ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് കൈയടി നേടിയിരുന്നു. ഫന്റാസ്റ്റിക് ഫോറിലെ താരത്തിന്റെ കഥാപാത്രമായ ജോണി സ്‌റ്റോമായാണ് ക്രിസ് ഇവാന്‍സ് പ്രത്യക്ഷപ്പെട്ടത്.
അവഞ്ചേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ ഡൂംസ് ഡേയില്‍ ക്രിസ് ഇവാന്‍സും ഭാഗമായേക്കുമെന്ന് റൂമറുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ ഇനി അവഞ്ചേഴ്‌സിന്റെ ഭാഗമാകില്ല എന്നാണ് ക്രിസ് മാധ്യമങ്ങളെ അറിയിച്ചത്. സന്തോഷത്തോടെ റിട്ടയര്‍ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡ് ഗെയിമിന് ശേഷം മാര്‍വലില്‍ നിന്ന് വിട്ടു നിന്ന റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡൂംസ് ഡേയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ പ്രധാന വില്ലനായ ഡോക്ടര്‍ ഡൂമായാണ് ആര്‍.ഡി.ജെ വേഷമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ സാന്‍ ഡിയാഗോ കോമിക് കോണില്‍ വെച്ചായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റ് നടന്നത്.
മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ശക്തനായ വില്ലനായാണ് ഡോക്ടര്‍ ഡൂമിനെ കണക്കാക്കുന്നത്. ആര്‍.ഡി.ജെയെപ്പോലൊരു വമ്പന്‍ താരം വില്ലനായി വേഷമിടുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പം ക്രിസ് ഇവാന്‍സ് കൂടിയുണ്ടായിരുന്നെങ്കില്‍ നൊസ്റ്റാള്‍ജിയ ആയേനെയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
ഗ്ലാസ്‌ഗോ ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ഡൂംസ്‌ഡേയുടെ ഷൂട്ട് പുരോഗമിക്കുന്നത്. എന്‍ഡ് ഗെയിം ഒരുക്കിയ റൂസോ ബ്രദേഴ്‌സാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മാര്‍വലിലെ പല സൂപ്പര്‍ഹീറോകളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ഡൂംസ്‌ഡേ 2026 ഡിസംബറില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Chris Evans announced that he retired from Avengers and won’t play Captain America