നുഴഞ്ഞു കയറ്റം തടയാന്‍ ഈ ചൗകിദാര്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടും; പ്രധാനമന്ത്രി നരേന്ദ്ര മോദി
National Register of Citizens
നുഴഞ്ഞു കയറ്റം തടയാന്‍ ഈ ചൗകിദാര്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടും; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 5:06 pm

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായ ആളുകള്‍ കടക്കുന്നത് തടയാന്‍ അതിര്‍ത്തിയില്‍ വേലി കെട്ടുമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. ജമ്മു കശ്മീരിലേയും ആസാമിലേയും പ്രശ്‌നങ്ങള്‍, അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പരിഹരിക്കാതിരിക്കുകയായിരുന്നെന്നും മോദി കുറ്റപ്പെടുത്തി. അസാമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

‘എന്നാല്‍ ഈ കാവല്‍ക്കാരന്‍ അസാമിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താല്‍പര്യം മാനിച്ചു കൊണ്ട് നുഴഞ്ഞു കയറ്റം തടയും. അസാം-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അതിന് ശേഷം ഒരു വിദേശയിുടെ പേരു പോലും ദേശീയ പൗരത്വ പട്ടികയില്‍ ഉണ്ടാവില്ലെന്നും, ഒരിന്ത്യക്കാരന്റെ പേരു പോലും അതില്‍ നിന്ന് വിട്ടു പോകില്ലെന്നും ഞാന്‍ ഉറപ്പു വരുത്തും’- മോദി പറഞ്ഞു.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ രാജ്യ വ്യാപകമായി പൗരത്വ പട്ടിക നടപ്പില്‍ വരുമെന്ന് ഉറപ്പു വരുത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഷായുടെ പ്രസ്താവന.

‘നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പൗരത്വ പട്ടിക യാഥാര്‍ത്ഥ്യമാക്കുമെന്ന് ഞങ്ങള്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തുള്ള ഒരോ നുഴഞ്ഞകഴറ്റക്കാരേയും ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കും. ഹിന്ദു, ബുദ്ധ അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം നല്‍കി ഇവിടുത്തെ താമസക്കാരാക്കി മാറ്റും’- എന്നായിരുന്നു ഷാ പറഞ്ഞത്.

അസാമിലെ ‘യഥാര്‍ത്ഥ പൗരന്മാരുടെ’ എണ്ണം കണക്കാക്കാന്‍ തയ്യാറാക്കുന്ന പട്ടികയാണ് പൗരത്വ പട്ടിക. എന്നാല്‍ മതം അടിസ്ഥാനമാക്കി ആളുകളെ പട്ടികയില്‍ നിന്നും പുറത്താക്കുന്നു എന്ന ആക്ഷേപം പൗരത്വ പട്ടികയെ തുടക്കം മുതല്‍ വിവാദത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. അതേസമയം, പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

ജമ്മു കശ്മീരിന് പ്രത്യേക പദവി കല്‍പിച്ചു കൊടുക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്നും ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.