'കൈ പൊക്കി പൃഥ്വിരാജ് ഷൂട്ട് നിര്‍ത്തി, പയ്യന്മാര്‍ക്ക് വെള്ളം കൊടുത്തിട്ട് ഷോട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു'
Film News
'കൈ പൊക്കി പൃഥ്വിരാജ് ഷൂട്ട് നിര്‍ത്തി, പയ്യന്മാര്‍ക്ക് വെള്ളം കൊടുത്തിട്ട് ഷോട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 7:51 pm

പൃഥ്വിരാജിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കൊറിയോഗ്രാഫര്‍ മനോജ് ഫിഡാക്ക്. ഒരു കാലത്ത് അദ്ദേഹത്തെ എല്ലാവരും അഹങ്കാരിയായിട്ട് കണ്ടിരുന്നപ്പോഴും സത്യം അങ്ങനെ അല്ലായിരുന്നുവെന്ന് മനോജ് പറഞ്ഞു. പൃഥ്വിരാജ് വളരെ ജെനുവിനായ വ്യക്തിയാണെന്ന് പറഞ്ഞ മനോജ് താരത്തിന്റെ സെറ്റിലെ ഒരു സംഭവവും പങ്കുവെച്ചു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് പൃഥ്വിരാജിനെ പറ്റി സംസാരിച്ചത്.

‘അന്ന് പൃഥ്വിരാജ് ഒരു അഹങ്കാരിയാണ് എന്നൊക്കെ പറയുന്ന കാലമാണ്. പക്ഷേ അങ്ങനെയല്ല എന്ന് എനിക്ക് അറിയാം. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡാന്‍സറായും കൊറിയോഗ്രഫറായുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ലല്ലോ.

അവന്‍ ചാണ്ടിയുടെ മകന്‍ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു സംഭവം നടന്നിട്ടുണ്ട്. പ്രസന്നയാണ് കൊറിയോഗ്രഫി. പൊള്ളാച്ചിയിലാണ് ഷൂട്ട്. ഭയങ്കര വെയിലാണ്. അവിടെ ഏഴെട്ട് ഡാന്‍സേഴ്‌സുണ്ട്. അവരുടെ ഫ്രണ്ടില്‍ രാജു സാര്‍ നില്‍പ്പുണ്ട്. വെയിലെന്ന് പറഞ്ഞാല്‍ ഒരു രക്ഷേമില്ല. ഡാന്‍സേഴ്‌സിലെ ഒരു പയ്യന്‍ ചേട്ടാ, കുറച്ച് വെള്ളം തരാന്‍ പറഞ്ഞു. പക്ഷേ ഷോട്ടെടുക്കുന്നതിനിടയില്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ വെള്ളമെന്ന് പറയുന്നത് രാജു സാര്‍ കേട്ടു.

ഷോട്ട് റെഡിയായി ഓക്കെ എന്ന് പറഞ്ഞപ്പോള്‍ രാജു സാര്‍ കൈ പൊക്കി. തനി തിരുവനന്തപുരം ഭാഷയില്‍, പയ്യന്മാര്‍ക്ക് വെള്ളം കൊടുത്തിട്ട് ഷോട്ടെടുത്താല്‍ മതിയെന്ന് പറഞ്ഞു. ആ സമയത്ത് പുള്ളിയോട് ഒരു ആരാധനയായി പോയി.

ആ പയ്യന്‍ വെള്ളം ചോദിച്ചത് കേട്ടില്ലേ, ഈ വെയിലത്ത് നില്‍ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ, പൃഥ്വിരാജ് കൈ കാണിക്കുമ്പോള്‍ വെള്ളം കറക്ടായി വന്നില്ലേ, അതുപോലെ എല്ലാവരേയും കണ്‍സിഡര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വെള്ളം കുടിച്ചിട്ടാണ് നമ്മള്‍ ആ ഷോട്ട് എടുത്തത്. അത്രയും ജെനുവിനായ മനുഷ്യനാണ് പുള്ളി. ഡാന്‍സ് ഒക്കെ പെട്ടെന്ന് ക്യാച്ച് ചെയ്‌തെടുക്കും. വെല്‍ ട്രെയ്ന്‍ഡായിട്ടാണ് സിനിമയില്‍ വന്നതെന്ന് ചിലപ്പോള്‍ തോന്നും,’ മനോജ് പറഞ്ഞു.

കാപ്പയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായത്. ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Choreographer Manoj Fidak shares his experiences with Prithviraj