ചോളവീരന്റെ പുകഴ്പാട്ട്; പൊന്നിയന്‍ സെല്‍വനിലെ പുതിയ ഗാനം
Film News
ചോളവീരന്റെ പുകഴ്പാട്ട്; പൊന്നിയന്‍ സെല്‍വനിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th August 2022, 8:34 pm

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയന്‍ സെല്‍വന്‍. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം, പ്രകാശ് രാജ്, ശോഭിത ധൂലിപാല എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ചോള ചോള എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സത്യ പ്രകാശ്, വി.എം. മഹാലിംഗം, നകുല്‍ അഭയാങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇളങ്കോ കൃഷ്ണന്റേതാണ് വരികള്‍. വിക്രത്തിനൊപ്പം ഐശ്വര്യ റായിയും ഗാനരംഗങ്ങളില്‍ എത്തുന്നുണ്ട്.

നേരത്തെ പുറത്ത് വന്ന പൊന്നി നദി എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. കാര്‍ത്തിയാണ് ഈ പാട്ടിലെത്തിയിരുന്നത്. റഹ്മാന്‍ തന്നെ പാടിയ ഈ പാട്ടിന്റെ മലയാളം വേര്‍ഷന്‍ പാടിയത് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനായിരുന്നു.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലായ പൊന്നിയില്‍ സെല്‍വനെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കുന്നത്. പത്താം നൂറ്റാണ്ടില്‍ നടക്കുന്ന ചോളവംശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: chola chola song from ponniyin selvan