തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിക്രം. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സഹനടനായും കരിയര്‍ ആരംഭിച്ച വിക്രം ഇന്ന് തമിഴിലെ മുന്‍നിര നടന്മാരിലൊരാളാണ്. തമിഴിന് പുറമെ മലയാളം, ഹിന്ദി ഭാഷകളിലും സാന്നിധ്യമറിയിച്ച താരം മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. ഓരോ സിനിമയിലും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന നടനാണ് വിക്രം.
ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എസ്.എസ്.എം.ബി 29ലെ പ്രധാവേഷം വിക്രം നിരസിച്ചെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ അച്ഛന്റെ വേഷമാണ് വിക്രം വേണ്ടെന്ന് വെച്ചത്. കരിയറില്‍ കുറച്ചുകാലമായി വന്‍ ഹിറ്റുകളില്ലാത്ത വിക്രം വ്യത്യസ്തമായ സിനിമകളാണ് തെരഞ്ഞെടുക്കുന്നത്.
പകരം തമിഴില്‍ ഫീല്‍ ഗുഡ് സിനിമകളൊരുക്കിയ പ്രേം കുമാറിനൊപ്പം താരം കൈകോര്‍ക്കുകയാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഇന്ന് നടന്നു. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ വേല്‍സ് ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ മെയ്യഴകന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വിക്രമിന്റെ കരിയറിലെ 63ാമത് ചിത്രമാണിത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വീര ധീര സൂരന്‍ മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ചത്ര മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല. ഫീല്‍ ഗുഡ് ചിത്രങ്ങളൊരുക്കിയ പ്രേം കുമാര്‍ ചിയാനൊപ്പം ചേരുമ്പോള്‍ ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നതെന്നാണ് റൂമറുകള്‍.
മറ്റ് ഇന്‍ഡസ്ട്രിയിലെ സഹനടന്‍ വേഷം വേണ്ടെന്ന് വെച്ച വിക്രമിന്റെ നീക്കം പലരെയും ഞെട്ടിച്ചു. ആര്‍.ആര്‍.ആറിന്റെ ഗ്ലോബല്‍ റീച്ചിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാനവേഷം വേണ്ടെന്ന് വെച്ചതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് കരുതുന്നത്. വിക്രത്തിനായി മാറ്റിവെച്ച വേഷത്തിലേക്ക് മാധവനാണ് രാജമൗലിയുടെ പുതിയ ഓപ്ഷന്‍.
മലയാളി താരം പൃഥ്വിരാജും എസ്.എസ്.എം.ബി 29ല്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വാരണാസിയില്‍ ചിത്രീകരിക്കേണ്ട പ്രധാനരംഗം പിന്നീട് സെറ്റിട്ട് ഷൂട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. വാരണസിയിലെ തിരക്ക് കാരണമാണ് അണിയറപ്രവര്‍ത്തകര്‍ സെറ്റിട്ടത്. 48 കോടിക്ക് ഹൈദരബാദിലാണ് വാരണസിയെ പുനസൃഷ്ടിച്ചത്. ഓഗസ്റ്റ് എട്ടിന് മഹേഷ് ബാബുവിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ടൈറ്റില്‍ പുറത്തുവിടുമെന്ന് കരുതുന്നു.
Content Highlight: Chiyaan Vikram joining hands with Director Prem Kumar