ബെംഗളൂരു: പോക്സോ കേസില്‍ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണയെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തനാക്കി. മൂന്ന് വര്‍ഷം മുമ്പ് മഠാധിപതിക്ക് എതിരെ ഫയല്‍ ചെയ്ത രണ്ട് വിവാദപരമായ പോക്‌സോ കേസുകളിലെ ആദ്യത്തേതിലാണ് കഴിഞ്ഞ ദിവസം ചിത്രദുര്‍ഗ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
ഒറ്റ വരി വിധിയിലൂടെയാണ് മൂന്ന് പേരെയും ആദ്യ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയത്. രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സിവില്‍ കോടതി ജഡ്ജി ഗംഗാധരപ്പ ഹഡപദയുടേതാണ് വിധി.
മുരുഗ ശരണയോടൊപ്പം ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി, മുരുഗ മഠം മാനേജര്‍ പരമശിവയ്യ എന്നിവരെയും കോടതി വെറുതെ വിട്ടു. പോക്‌സോ കേസിന് പുറമേ, 2022 ലെ പട്ടികജാതി-പട്ടികവര്‍ഗ കേസുകളിലെയും കുറ്റങ്ങളില്‍ നിന്ന് മുരുഘ ശരണയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
വിധിക്ക് പിന്നാലെ, ഇത് പ്രതികരിക്കാന്‍ അനുയോജ്യമായ സമയമല്ലെന്നും ഭാവിയില്‍ ഒരു വാര്‍ത്താസമ്മേളനം നടത്തുമെന്നും മുരുഗ ശരണ പറഞ്ഞു.
‘ഇപ്പോള്‍ പ്രതികരിക്കാന്‍ അനുയോജ്യമായ സമയല്ല. ഞാന്‍ കുറച്ച് കാലം കൂടി ഈ വിഷയത്തില്‍ മൗനം തുടരും. ഭാവിയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ സംസാരിക്കും. എല്ലാവര്‍ക്കും നല്ല ഭരണഘടനാ ദിനം നേരുന്നു,’ മുരുഗ ശരണ പറഞ്ഞു.
ശിവമൂര്‍ത്തി മുരുഗ ശരണയ്ക്ക് എതിരെ 2022 ഓഗസ്റ്റ് 26നാണ് മൈസൂരിലെ നസര്‍ബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. മഠത്തിലെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേതായിരുന്നു പരാതി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മൈസൂര്‍ ആസ്ഥാനമായുള്ള ഓടനാഡി എന്‍.ജി.യോയുടെ സഹായത്തോടെയായിരുന്നു അതിജീവിതകള്‍ പരാതി നല്‍കിയത്.
അടുത്ത ദിവസം ഓഗസ്റ്റ് 27ന് കുട്ടികളുടെ പരാതി ചിത്രദുര്‍ഗ റൂറല്‍ പൊലീസിന് കൈമാറി. കേസില്‍ ചിത്രദുര്‍ഗ റൂറല്‍ പൊലീസ് അന്വേഷണം നടത്തുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പിന്നാലെ, 2022 സെപ്റ്റംബര്‍ 1ന് ചിത്രദുര്‍ഗയിലെ മുരുഗ മഠത്തില്‍ വെച്ച് പൊലീസ് മുരുഗ ശരണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഏകദേശം രണ്ട് വര്‍ഷത്തോളം മുരുഗ ശരണ ജയിലായിരുന്നു.
2022 ഒക്ടോബറില്‍ 13ന് മുരുഗ ശരണയ്ക്ക് എതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. മഠത്തിലെ ഒരു പാചകക്കാരിയാണ് പരാതി നല്‍കിയത്. തന്റെ പെണ്‍മക്കള്‍ ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെ നന്നായിരുന്നു പരാതി. ഇതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കേസില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. ഇതിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
Content Highlight: Chitradurga court acquits Muruga Matha chief Muruga Sharan in first POSCO case