സല്‍മാന്‍ ഖാന്‍ ഗോഡ്ഫാദറില്‍ അഭിനയിച്ചത് ഫ്രീയായി, അദ്ദേഹം സ്‌നേഹം കൊണ്ടാണ് ഈ സിനിമ ചെയ്തത്: ചിരഞ്ജീവി
Film News
സല്‍മാന്‍ ഖാന്‍ ഗോഡ്ഫാദറില്‍ അഭിനയിച്ചത് ഫ്രീയായി, അദ്ദേഹം സ്‌നേഹം കൊണ്ടാണ് ഈ സിനിമ ചെയ്തത്: ചിരഞ്ജീവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 10:52 pm

ഗോഡ്ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ചിരഞ്ജീവി. ഇപ്പോള്‍ തന്റെ പ്രൈവറ്റ് ജെറ്റില്‍ അദ്ദേഹം ഗോഡ്ഫാദര്‍ പ്രൊമോഷനായി നല്‍കിയിരിക്കുന്ന അഭിമുഖം ശ്രദ്ധ നേടുകയാണ്. ഈ അഭിമുഖത്തില്‍ വെച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പുകഴ്ത്തി ചിരഞ്ജീവി സംസാരിച്ചിരുന്നു.

ചിത്രത്തില്‍ എക്‌സ്റ്റെന്‍ഡഡ് കാമിയോ റോളില്‍ എത്തുന്ന സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് ചിരഞ്ജീവി വെളിപ്പെടുത്തി. ‘അദ്ദേഹം സ്‌നേഹം കൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. സല്‍മാന്‍ ഭായിക്ക് ബിഗ് സല്യൂട്ട്. വി ലവ് യു,’ അദ്ദേഹം പറഞ്ഞു.

2019ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ റീമേക്കാണ് ഗോഡ്ഫാദര്‍. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ ചെയ്യുന്നത്.

അതേസമയം തെലുങ്കിനൊപ്പം ഗോഡ്ഫാദറിന്റെ മലയാളം വേര്‍ഷനും റിലീസ് ചെയ്യും. അതിനാല്‍ തന്നെ ഹിന്ദി വേര്‍ഷനും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.

ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഗോഡ്ഫാദര്‍. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്.

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ്. തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. സുജീത്ത്, വി.വി. വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എന്‍.വി. പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്.

Content Highlight: Chiranjeevi revealed that Salman Khan acted without getting ant remuneration in godfather