കുടുംബങ്ങളിലെ താരങ്ങളെ മാത്രം കൊണ്ടാടുന്ന ഇന്ത്യയിലെ മുന്‍നിര ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. അക്കിനേനി- ദഗ്ഗുബട്ടി, അല്ലു- കൊണ്ടിലേല, നന്ദമൂരി എന്നീ കുടുംബങ്ങളാണ് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പ്രധാനികള്‍. ടോളിവുഡിലെ താരങ്ങള്‍ പലരും ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇന്‍ഡസ്ട്രിയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത് ഇവരാണെന്ന് പറഞ്ഞാലും തെറ്റില്ല.
മെഗാസ്റ്റാര്‍ ചിരഞ്ജീവി ഭാഗമായിട്ടുള്ള ഫാമിലിയാണ് കൊണ്ടിലേല ഫാമിലി. ചിരഞ്ജീവി, പവന്‍ കല്യാണ്‍, റാം ചരണ്‍, സായ് ധരം തേജ്, വരുണ്‍ തേജ് എന്നിവരാണ് കൊണ്ടിലേല കുടുംബത്തിലെ പ്രധാനികള്‍. ഓരോരുത്തര്‍ക്കും ഓരോ ടൈറ്റിലും ആരാധകര്‍ പതിച്ചു നല്‍കിയിട്ടുണ്ട്. മെഗാസ്റ്റാറായി നാല് പതിറ്റാണ്ടിലധികം തെലുങ്ക് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ചിരഞ്ജീവി.
സഹോദരന്‍ പവന്‍ കല്യാണ്‍ പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. അച്ഛന്റെ മെഗായും ചെറിയച്ഛന്റെ പവറും ഒരുമിച്ച് ചേര്‍ത്ത് മെഗാ പവര്‍ സ്റ്റാര്‍ എന്ന പേരിലാണ് ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്നത്. ചിരഞ്ജീവിയുടെ അനന്തരവന്മാരായ വരുണ്‍ തേജു സായ് ധരം തേജും സിനിമാലോകത്ത് സ്ഥിരം സാന്നിധ്യങ്ങളാണ്.
എന്നാല്‍ തെലുങ്കിലെ ‘മെഗാ’ ഫാമിലിക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല വിശേഷമല്ല. കുടുംബത്തിലെ താരങ്ങള്‍ ഭാഗമായ സിനിമകളെല്ലാം സാമ്പത്തികമായി വന്‍ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. താരകുടുംബത്തില്‍ നിന്ന് തുടര്‍ച്ചയായി എട്ട് സിനിമകള്‍ ബജറ്റ് പോലും തിരിച്ചു പിടിക്കാനാകാതെ പരാജയമായി മാറി.
പവന്‍ കല്യാണ്‍ നായകനായെത്തിയ ബ്രോ എന്ന ചിത്രമാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. വിനോദയ സിട്ടം എന്ന തമിഴ് സിനിമയുടെ റീമേക്കായി ഒരുങ്ങിയ ബ്രോ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു. 80 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 72 കോടി മാത്രമായിരുന്നു നേടിയത്. സ്‌ക്രിപ്റ്റില്‍ പവന്‍ കല്യാണ്‍ അനാവശ്യമായി കൈകടത്തിയെന്ന് വാദമുയര്‍ന്നിരുന്നു.
തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കെന്ന പേരില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഭോലാ ശങ്കറാണ് ലിസ്റ്റിലെ രണ്ടാമത്തേത്. ചിരഞ്ജീവി നായകനായ ചിത്രം ആരാധകര്‍ പോലും തിരിഞ്ഞുനോക്കിയില്ല. 100 കോടി ബജറ്റിലെത്തിയ ചിത്രത്തിന് വെറും 47 കോടി മാത്രമാണ് സ്വന്തമാക്കാനായത്. ചിരഞ്ജീവിയുടെ സഹോദരീപുത്രന്‍ വൈഷ്ണവ് തേജിന്റെ ആദികേശവക്കും തിളങ്ങാനായില്ല.
വരുണ്‍ തേജിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ഓപ്പറേഷന്‍ വാലന്റൈന്‍ എന്ന ചിത്രത്തിനും വിധി മറ്റൊന്നായിരുന്നില്ല. 51 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വെറും എട്ട് കോടി മാത്രമായിരുന്നു നേടിയത്. എന്നാല്‍ വരുണിന്റെ അടുത്ത ചിത്രം മട്ക തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ പരാജയമായിരുന്നു. 40 കോടിയിലൊരുങ്ങിയ ചിത്രത്തിന് ഒരു കോടി പോലും ഷെയര്‍ ലഭിച്ചില്ല.
നാല് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ തിയേറ്ററിലെത്തിയ റാം ചരണിന്റെ ഗെയിം ചേഞ്ചറും ‘കുടുംബത്തിന്റെ പാരമ്പര്യം’ കാത്തു. 350 കോടിയിലൊരുങ്ങിയ ചിത്രം 200 കോടിയുടെ നഷ്ടമാണ് നിര്‍മാതാവിന് നല്‍കിയത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രമായി ഗെയിം ചേഞ്ചര്‍ മാറി.
സംവിധായകന്‍ കാരണം ഷൂട്ട് നീണ്ടുപോയ ഗെയിം ചേഞ്ചറിനെപ്പോലെ മറ്റൊരു ചിത്രമായിരുന്നു പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു. 2020ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പവന്‍ കല്യാണിന്റെ രാഷ്ട്രീയപ്രചരണം കാരണം ഷൂട്ട് നീണ്ടുപോവുകയായിരുന്നു. മറ്റൊരു സംവിധായകനെ വെച്ച് ഒടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം നിര്‍മാതാവിന് കനത്ത നഷ്ടമാണ് സമ്മാനിച്ചത്.
താരപദവിയില്‍ മതിമറന്ന് സ്‌ക്രിപ്റ്റില്‍ കൈകടത്തി സിനിമകളെ ഇല്ലാതാക്കുന്ന കൊണ്ടിലേല ഫാമിലിയുടെ പ്രവൃത്തികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുന്നുണ്ട്. സ്റ്റാര്‍ഡത്തോടൊപ്പം സിനിമയുടെ ക്വാളിറ്റിയും ഉയര്‍ത്തണമെന്നാണ് താരങ്ങളോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സ്വയം പ്രഖ്യാപിത താരപദവി ജനങ്ങള്‍ മാനിക്കില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നുണ്ട്.
Content Highlight: Chiranjeevi family’s last eight movies were flop in Box office