എന്‍.ഡി.എ മുഖ്യമന്ത്രിയായി നിങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, നിതീഷ് കുമാറിന് അഭിനന്ദനത്തില്‍ ഒളിയമ്പുമായി ചിരാഗ് പസ്വാന്‍
national news
എന്‍.ഡി.എ മുഖ്യമന്ത്രിയായി നിങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, നിതീഷ് കുമാറിന് അഭിനന്ദനത്തില്‍ ഒളിയമ്പുമായി ചിരാഗ് പസ്വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 7:52 pm

പാട്‌ന: ഏഴാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് അഭിനന്ദനവുമായി എല്‍.ജെ.പി പ്രസിഡന്റ് ചിരാഗ് പസ്വാന്‍. പരോക്ഷമായ പരിഹാസത്തോടെയായിരുന്നു പസ്വാന്റെ അഭിനന്ദനം.

‘ വീണ്ടും മുഖ്യമന്ത്രിയായതില്‍ നിതീഷ്‌കുമാറിന് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍ ഭരണ സമയം പൂര്‍ത്തിയാക്കുമെന്നും നിങ്ങള്‍ എന്‍.ഡി.എ മുഖ്യമന്ത്രിയായി തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ പസ്വാന്‍ ട്വീറ്റ് ചെയ്തു.

ഒപ്പം എല്‍.ജെ.പി യുടെ മാനിഫെസ്റ്റോയും നിതീഷ് കുമാറിന് അയക്കുന്നുവെന്ന് പസ്വാന്‍ പറഞ്ഞു.

ബീഹാറില്‍ വലിയൊരു വിഭാഗം വോട്ടുകളും നേടുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ജെ.പിക്ക് ആകെ ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാനായത്. രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഉണ്ടായ സഹതാപ വോട്ടുകള്‍ പോലും എല്‍.ജെ.പിക്ക് കിട്ടിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

തിങ്കളാഴ്ച വൈകീട്ടോടെ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.ഡി.എ സഖ്യത്തിലെ 14 നേതാക്കളും ബിഹാര്‍ മന്ത്രി സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലേറുന്നത്. നിതീഷ് കുമാര്‍ ഇത് ഏഴാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chirag Pasvan congratulate Nitish kumar