ഇന്ത്യയിലെ മികച്ച ഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കണി, മറാത്ത, ഹിന്ദി ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഗായികക്ക് പുറമേ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് അവര്‍. 2006ല്‍ പുറത്തിറങ്ങിയ സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഭൂമിക ചൗളയ്ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് രംഗത്തേക്ക് ചിന്മയി ചുവടുവയ്ക്കുന്നത്. എന്നാല്‍, വിലക്ക് നേരിട്ടപ്പോള്‍ ഗായികയെന്ന നിലയില്‍ മാത്രമല്ല, സിനിമയിലെ എല്ലാ മേഖലകളില്‍ നിന്നുംഅവര്‍ മാറ്റി നിര്‍ത്തപ്പെട്ടു. അന്ന് തനിക്ക് ഡബ്ബിങ് യൂണിയനില്‍ നിന്നും വിലക്കുണ്ടായിരുന്നുവെന്ന് ചിന്മയി പറയുന്നു.
സിനിമയില്‍ 20ലധികം യൂണിയനുകളുണ്ടെന്നും എല്ലാ ആര്‍ട്ടിസ്റ്റുകളും അവയിലേതെങ്കിലും ഒന്നില്‍ അംഗമായിരിക്കുമെന്നും അവര്‍ പറഞ്ഞു. തന്നെ എല്ലാ രംഗത്തുനിന്നും മാറ്റിനിര്‍ത്തിയെന്നും ഒരു സിനിമയില്‍ താന്‍ രഹസ്യമായി ഡബ്ബ് ചെയ്യേണ്ട സാഹചര്യംവരെ ഉണ്ടായിരുന്നുവെന്നും ചിന്മയി പറയുന്നു. ലിയോയിലെത്തിയപ്പോള്‍ അതില്‍ മാറ്റങ്ങളുണ്ടായെന്നും സറ്റുഡിയോയില്‍നിന്നുതന്നെ ശബ്ദം നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ചിന്മയി.
‘ഇവിടെ 20 ലധികം യൂണിയനുകളുണ്ട്. എല്ലാ ആര്‍ട്ടിസ്റ്റുകളും അവയിലേതെങ്കിലും ഒന്നില്‍ അംഗമായിരിക്കും. ഡബ്ബിങ് യൂണിയനാണ് എനിക്ക് വിലക്കേര്‍പ്പെടുത്തിയത്. പക്ഷേ, എല്ലാ രംഗത്തുനിന്നും എന്നെ മാറ്റിനിര്‍ത്തി.
ഹീറോ എന്ന സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്തത് രഹസ്യമായാണ്. അത് ലിയോയിലെത്തിയപ്പോള്‍ മാറ്റങ്ങളുണ്ടായി. സ്റ്റുഡിയോയില്‍നിന്നു തന്നെ ശബ്ദം നല്‍കി. തൃഷയ്ക്കുവേണ്ടി തമിഴിലും തെലുഗ്-കന്നഡ പതിപ്പിലും ഡബ്ബ് ചെയ്തു. ആളുകള്‍ അത് സ്വീകരിച്ചു,’ ചിന്മയി പറയുന്നു.
Content highlight: Chinmayi says she was banned from the dubbing union