രഞ്ജി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി ചിന്മയ് സുതര്‍. നാഗാലാന്‍ഡിനെതിരായ മത്സരത്തില്‍ മിസോറാമിന് വേണ്ടി 400 റണ്‍സ് നേടിയാണ് ചിന്മയ് സുതര്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടുന്ന പത്താമത്തെ താരമായി മാറുകയാണ് ചിന്മയ്. ബ്രയാന്‍ ലാറ (501, 400), ഹാനിഫ് മുഹമ്മദ് (499), ഡോണ്‍ ബ്രാഡ്മാന്‍ (452), ബിബി നിംബാല്‍ക്കര്‍ (443), വില്‍ പൊന്‍സ്‌ഫോര്‍ഡ് (437, 429), അഫ്താബ് ബലോച് (428), അര്‍ച്ചി മക്ലാരന്‍ (424), സാം നോര്‍ത്തീസ്റ്റ് (410) ഗ്രഹാം ഹിക്ക് (405) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

മാത്രമല്ല രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ നിന്ന് 400 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ചിന്‍മയ്ക്ക് സാധിച്ചു. 1948ല്‍ രഞ്ജി ട്രോഫിയില്‍ പൂനെയ്ക്കെതിരെ 443* റണ്‍സ് നേടിയ മഹാരാഷ്ട്രയുടെ ബിബി നിംബാല്‍ക്കറാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ താരം.

കൂടാതെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും ചിന്മയ് സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ്. റെക്കോഡ് ലിസ്റ്റില്‍ പൃഥ്വി ഷായെ മറികടന്നാണ് സുതര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2022-23 സീസണില്‍ അസമിനെതിരെ 379 റണ്‍സാണ് മുംബൈയ്ക്ക് വേണ്ടി ഷാ നേടിയത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ മിസോറാം ചിന്മയ് സുതറിന്റെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വണ്‍ ഡൗണ്‍ ബാറ്ററായി ഇറങ്ങിയ സുതര്‍ 517 പന്തില്‍ നിന്ന് ഏഴ് സിക്സും 46 ഫോറും ഉള്‍പ്പെടെയാണ് 400 റണ്‍സ് അടിച്ചെടുത്തത്. പുറത്താക്കാതെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇത് താരത്തിന്റെ വെറും രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമാണെന്നത് എടുത്തു പറയേണ്ടതാണ്.

അതേസമയം ടീമിന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജഹു ആന്‍ഡെഴ്സണ്‍ 69 റണ്‍സ് നേടി.

നാഗാലാന്‍ഡിന് വേണ്ടി മൂന്നു വിക്കറ്റുകള്‍ നേടിയ അനില്‍ സഞ്ജയ് ഗുപ്തയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നൈസെക്കോ രുപ്രയോ, സൗരവ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് നേടിയത്.

Content Highlight: Chinmay Sutar In Great Record Achievement In First Class Cricket