
ബെയ്ജിംഗ്: ചുഴലിക്കാറ്റില്‍ പെട്ട് ചൈനയില്‍ 458 പേര്‍ കയറിയ കപ്പല്‍ മുങ്ങി. ഹുബൈ പ്രവിശ്യയിലുള്ള യാങ്റ്റ്‌സെ നദിയിലാണ് കപ്പല്‍ മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരായ അഞ്ചു പേരുമാണ് കപ്പലിലുണ്ടായിരുന്നത്. എട്ടോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്.
ചൈനയില്‍ കിഴക്കന്‍ നഗരമായ നാന്‍ജിന്‍ങില്‍ നിന്നും ചോങ്ക്വിങ്ങിലേക്ക് പോകുകയായിരുന്ന കപ്പല്‍. ഇതില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിപക്ഷവും ടൂറിസ്റ്റുകളാണ്. ഏകദേശം 50 അടി താഴ്ചയുള്ള സ്ഥലത്താണ് കപ്പല്‍ മുങ്ങിയത്.
കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എന്‍ജിനീയറുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ശക്തമായി വീശിയടിക്കുന്ന കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ബോട്ട് മുങ്ങി 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
