ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്
Trending
ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th August 2025, 10:34 pm

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തും. ഓഗസ്റ്റ് 18ന് ചൈനീസ് മന്ത്രി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

ഓഗസ്റ്റ് 31ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് വാങ് യിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.

കൂടാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് എതിരെ നിരന്തരമായി ഭീഷണി ഉയര്‍ത്തുകയും തീരുവ വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഒരു ചൈനീസ് പ്രതിനിധി ഇന്ത്യയിലെത്തുന്നത്. ജൂലൈയില്‍ നടന്ന എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചിരുന്നു.

തുടര്‍ന്ന് വാങ് യിയുമായി എസ്. ജയശങ്കര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനുമുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈന സന്ദര്‍ശിച്ചിരുന്നു. എസ്.സി.ഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം.

അതേസമയം എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി 2018ലാണ് മോദി അവസാനമായി ചൈന സന്ദര്‍ശിച്ചത്. 2024 ഒക്ടോബര്‍ 23ന് റഷ്യയിലെ കസാനില്‍ വെച്ച് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എസ്.സി.ഒ ഉച്ചകോടിയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ വ്യക്തതയില്ല.

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുകയായിരുന്നു.

തുടര്‍ന്ന് ചൈനക്കെതിരെ അവരുടെ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചും യാത്രാ മാര്‍ഗങ്ങള്‍ വെട്ടിച്ചുരുക്കിയുമാണ് ഇന്ത്യ നടപടിയെടുത്തത്.

നിലവില്‍ പരസ്പരമുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ഒരുപോലെ ശ്രമം നടത്തുന്നതിനിടെയാണ് നേതാക്കന്മാരുടെ സന്ദര്‍ശനം.

അടുത്തിടെ കൈലാസ് തീര്‍ത്ഥാടനം പുനരാരംഭിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണമായെന്ന് ചൈനീസ് അംബാസഡര്‍ സു ഫെയ്‌ഹോങ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാനും തീരുമാനിച്ചിരുന്നു.

ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയിലും ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലും മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുത്ത ശേഷം വിസ നേടാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

Content Highlight: chinese minister wang yi visit india and meet ajit doval