രാജ്യത്തെ ബാധിക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ കടുത്ത പ്രത്യാക്രമണങ്ങൾ ഉണ്ടാകും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
World
രാജ്യത്തെ ബാധിക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ കടുത്ത പ്രത്യാക്രമണങ്ങൾ ഉണ്ടാകും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 10:36 pm

ബീജിങ്: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയമാനുസൃതമെന്ന് ചൈന. തങ്ങളെ ബാധിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ യു.എസ് കടുത്ത പ്രത്യാക്രമണങ്ങൾ നേരിടുമെന്നും ചൈന  മുന്നറിയിപ്പ് നൽകി.

യു.എസിന്റെ സമീപനം സാമ്പത്തിക സമ്മർദത്തിന് തുല്യമാണെന്നും അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉപരോധങ്ങൾ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘റഷ്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ചൈനയുടെ സാധാരണ വ്യാപാര, ഊർജ്ജ സഹകരണം നിയമാനുസൃതമാണ്. ചൈന എപ്പോഴും വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് പുലർത്തിയിട്ടുണ്ട്. ഞങ്ങളുടെ നയം തുറന്നതാണ്. എല്ലാവർക്കും കാണാൻ സാധിക്കും’ ലിൻ ജിയാൻ പറഞ്ഞു.

ചൈനയിലേക്ക് പ്രശ്‌നം തിരിച്ചുവിടുന്ന അമേരിക്കയുടെ നടപടിയെ ശക്തമായി എതിർക്കുന്നു. ചൈനക്ക് മേൽ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങൾ  ഏർപ്പെടുത്തുന്നതിനെ ചൈന ശക്തമായി പ്രതിരോധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ ന്യായമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പരമാധികാരം, വികസനം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേ കാര്യം താൻ ചൈനയെക്കൊണ്ടും ചെയ്യിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതിലുള്ള ആശങ്കയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ നടത്തുന്ന യുദ്ധത്തിന് ഇതൊരു സഹായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായി ട്രംപ് പ്രതികരിച്ചിരുന്നു.

എന്നാൽ, ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും വിപണി വിപുലീകരിക്കുന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നത്, ഇറക്കുമതി നയങ്ങളെ മുന്നോട്ട് നയിക്കുന്നത് ഈ ലക്ഷ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം, ലിഥിയം ബാറ്ററികൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള മൂലകങ്ങളുടെയും ഇവയുടെ ഖനനം സംസ്‌കരണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് 100 ശതമാനം തീരുവയും ചുമത്തിയിരുന്നു.

Content Highlight:  China warns Trump of severe repercussions if sanctions hit the country