'അമേരിക്ക തീ കൊണ്ടാണ് കളിക്കുന്നത്'; തായ്‌വാന്‍ വിഷയത്തില്‍ യു.എസിന് മുന്നറിയിപ്പുമായി ചൈന
World News
'അമേരിക്ക തീ കൊണ്ടാണ് കളിക്കുന്നത്'; തായ്‌വാന്‍ വിഷയത്തില്‍ യു.എസിന് മുന്നറിയിപ്പുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2022, 3:45 pm

ബീജിങ്: തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി ചൈന.

ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ ഇടപെടും എന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചൈന മറുപടിയുമായി രംഗത്തെത്തിയത്.

അമേരിക്ക തീ കൊണ്ടാണ് കളിക്കുന്നത്, എന്നായിരുന്നു ചൈനീസ് പ്രതികരണം. ചൈനക്കെതിരായി യു.എസ് തായ്‌വാന്‍ കാര്‍ഡ് ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു.

”ചൈനക്കെതിരെ യു.എസ് ‘തായ്‌വാന്‍ കാര്‍ഡ്’ ഉപയോഗിച്ചാല്‍ അവര്‍ തന്നെ കത്തിപ്പോകും,” എന്നായിരുന്നു ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലിലെ തായ്‌വാന്‍ ഓഫീസ് പ്രതികരിച്ചത്.

ചൈനയും യു.എസും തമ്മില്‍ നിലവിലുള്ള ബന്ധം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും നടപടികളും യു.എസ് നടത്തരുതെന്നും ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രതിനിധി സു ഫെന്‍ഗ്ലിയാന്‍ പറഞ്ഞായാണ് റിപ്പോര്‍ട്ട്.

ചൈനീസ് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടോക്യോ സന്ദര്‍ശനത്തിനിടെയായിരുന്നു തായ്‌വാന്‍ വിഷയത്തിലെ യു.എസിന്റെ പ്രതികരണം. ‘ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ തായ്‌വാനെ പ്രതിരോധിച്ചുകൊണ്ട് സൈനികപരമായി വിഷയത്തില്‍ ഇടപെടാന്‍ യു.എസ് തയാറാകുമോ,’ എന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ചോദ്യത്തിനായിരുന്നു ബൈഡന്‍ ‘യെസ്’ എന്ന് മറുപടി നല്‍കിയത്.

അത്തരത്തില്‍ ഇടപെടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

വണ്‍ ചൈന പോളിസി തങ്ങള്‍ അംഗീകരിച്ചതാണെന്നും എന്നാല്‍ അക്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും വഴിയിലൂടെ അത് നേടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്റ് പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

Content Highlight: China warns on Taiwan issue, says US is playing with fire on Taiwan