ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന നിരന്തരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ ചൈനീസ് അംബാസിഡര്‍ ഫു കോങ്.
ഇസ്രഈലിന്റെ എല്ലാ ആക്രമണങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രഈല്‍ 400ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതായും ആക്രമണത്തില്‍ 300ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഫു സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ഗസയില്‍ തുടരുന്ന യുദ്ധത്തില്‍ സമാധാനം ഇപ്പോഴും അകലെയാണെന്ന് ഫു കോങ് പറഞ്ഞു. സുസ്ഥിരമായ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൂടാതെ ഗസയിലേക്കുള്ള മാനുഷിക സംഘടനകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച ഐ.സി.ജെയുടെ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) ഒന്നിലധികം വിധികളേയും അദ്ദേഹം പരാമര്‍ശിച്ചു. ഇസ്രഈല്‍ നിയമം അനുസരിക്കണമെന്നും ഫു കോങ് ആവശ്യപ്പെട്ടു.
‘എല്ലാ ആക്രമണങ്ങളുടെയും പൂര്‍ണമായ അവസാനമാണ് വെടിനിര്‍ത്തല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ കക്ഷികളും അത് നല്ല വിശ്വാസത്തോടെ പാലിക്കണം. സാധാരണക്കാര്‍ക്ക് ജീവഹാനി വരുത്തുന്ന ഏതൊരു സംഭവവും അനുവദിക്കാന്‍ കഴിയില്ല.
ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഗസയിലെ സാധാരണ സംഭവമായി മാറരുത്. ഇസ്രഈലിനോട് വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും മാനിക്കാനും യഥാര്‍ത്ഥ സമാധാനത്തിനായി പ്രവര്‍ത്തിക്കാനും ചൈന അഭ്യര്‍ത്ഥിക്കുന്നു.
ഗസയിലെ മാനുഷിക സാഹചര്യം ഇപ്പോഴും വളരെ മോശമാണ്. മാനുഷികമായുള്ള പ്രവേശനം നിരവധി തടസങ്ങള്‍ നേരിടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകള്‍ പൂര്‍ണമായും പാലിക്കാന്‍ ഇസ്രഈല്‍ തയ്യാറാകണം.
എല്ലാ ക്രോസിങ് പോയിന്റുകളും തുറക്കുക, മാനുഷിക പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിക്കും മറ്റ് മാനുഷിക ഏജന്‍സികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുക,’ ഫു കോങ് പറഞ്ഞു.
അതേസമയം വെടിനിര്‍ത്തലിന് ശേഷം ഒക്ടോബര്‍ 10 മുതല്‍ ഇസ്രഈലി സൈന്യം നടത്തിയ നിയമലംഘനങ്ങളില്‍ സാധാരണക്കാരെയും വീടുകളെയും ടെന്റുകളെയും ലക്ഷ്യമിട്ട് 142 വെടിവയ്പ്പുകള്‍ നടന്നെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്രഈല്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാറിനെ ശക്തമായി അപലപിക്കുന്നെന്നും ഈ ലംഘനങ്ങള്‍ അന്താരാഷ്ട്ര മാനുഷിക കരാറുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: China warns Israel to stop all attacks Against Gaza