യെമന് നേരെയുള്ള യു.എസ്, യു.കെ ആക്രമണം; മേഖലയിൽ സംഘർഷം രൂക്ഷമാക്കുമെന്ന് ചൈന
World News
യെമന് നേരെയുള്ള യു.എസ്, യു.കെ ആക്രമണം; മേഖലയിൽ സംഘർഷം രൂക്ഷമാക്കുമെന്ന് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 1:51 pm

ന്യൂയോർക്ക്:  യെമനിൽ യു.എസ്, യു.കെ സംയുക്തമായി വ്യോമാക്രമണം നടത്തുന്നത് മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ചൈനീസ് അംബാസഡർ ഷാങ് ജുൻ. കഴിഞ്ഞദിവസം നടന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ മീറ്റിങ്ങിൽ ആണ് അദ്ദേഹം സംസാരിച്ചത്.

യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും ഫലപ്രദമായി പാലിക്കാൻ തങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുമെന്നും ചെങ്കടലിലും മിഡിൽ ഈസ്റ്റിലും സമാധാനവും സുരക്ഷയും നിലനിർത്താൻ സംയുക്ത ശ്രമങ്ങൾ നടത്തണമെന്നും പറഞ്ഞ ഷാങ് ജുൻ ഗസക്ക് മാനുഷിക സഹായം നൽകാൻ ഐക്യരാഷ്ട്ര സംഘടനക്ക് കഴിഞ്ഞില്ലെന്ന ഇസ്രഈലിന്റെ വാദത്തെയും ഷാങ് ജുൻ വിമർശിച്ചു.

‘ഗസക്കെതിരെ ആക്രമണങ്ങൾ തുടരുന്നതും മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് തടയുന്നതും ഇസ്രഈലാണ്. എന്നാൽ മാനുഷിക സഹായം നൽകാനുള്ള കഴിവ് ഐക്യരാഷ്ട്ര സംഘടനക്ക് ഇല്ലെന്ന് ആരോപിക്കുന്നതും ഇസ്രഈൽ തന്നെയാണ്, ഇത് അംഗീകരിക്കാൻ ആവില്ല’ ഷാങ് ജുൻ പറഞ്ഞു.

മുമ്പ് ഇസ്രഈലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഗസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും യു.എൻ രക്ഷാ സമിതിയുടെ കരട് പ്രമേയം യു.എസ് വീറ്റോ ചെയ്തതിൽ ചൈന നിരാശയും ഖേദവും പ്രകടിപ്പിച്ചിരുന്നു.

കൂടാതെ ഇസ്രഈൽ ഗസയിൽ നടത്തുന്ന യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന് യു.എൻ അംബാസഡർ ആയ റിയാദ് മൻസൂർ മീറ്റിങ്ങിൽ പറഞ്ഞു.

‘നിങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിന്റെ അളവ് വർദ്ധിപ്പിക്കണമെങ്കിലും നിർബന്ധിത കുടിയിറപ്പിക്കൽ തടയണമെങ്കിലും കൂടാതെ യു.എൻ രക്ഷാ സേനയ്ക്ക് ഗസയിൽ മാനുഷിക സഹായങ്ങൾ നൽകണമെങ്കിലും വെടി നിർത്തൽ അനിവാര്യമാണ്’ മൻസൂർ പറഞ്ഞു.

ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെയായി 23000ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Content Highlights: China: US, UK attack on Yemen will definitely exacerbate regional tensions