ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈന: വിൽപ്പനയിൽ ചൈനീസ് ബ്രാൻഡുകൾ മുന്നിൽ
TechNews
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈന: വിൽപ്പനയിൽ ചൈനീസ് ബ്രാൻഡുകൾ മുന്നിൽ
ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 7:56 pm

ന്യൂദൽഹി: ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ലോകത്ത് സ്മാർട്ട്ഫോൺ വിൽക്കുന്ന മൊബൈൽ കമ്പനികളിൽ മുന്നിട്ടുനിൽക്കുന്ന ഷവോമിയും സാംസങും ഇപ്പോഴും ലക്ഷ്യം വെക്കുന്നതും ഇന്ത്യയെയാണ്.

എന്നാല്‍ ഇപ്പോൾ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 66 ശതമാനം ഫോണുകളും ചൈനീസ് സ്മാർട്ട്ഫോണുകളാണ്. ഏപ്രിൽ 26ന് കൗണ്ടര്‍പോയിന്റ് റിസേർച്ചാണ് ഈ കണക്കുകൾ പുറത്തുവിടുന്നത്.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാമതായി നിൽക്കുന്നത് ഷവോമിയാണ്. വിൽക്കപ്പെടുന്ന ഫോണുകളിൽ 29 ശതമാനവും ഷവോമിയുടെ സ്‍മാർട്ട്ഫോണുകളാണ്. കഴിഞ്ഞ വർഷത്തിൽ ഇത് 31 ശതമാനമായിരുന്നു. ഷവോമിക്ക് തൊട്ടുപിറകെ, സാംസങ്ങിന്റെ വിപണി വിഹിതം 23 ശതമാനമായും നിൽക്കുന്നു. കഴിഞ്ഞ വര്‍ഷത്തോടെയാണ് സാംസങ്ങിനെ പിറകിലാക്കി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്ത്യയിലെ ബാക്കിയുള്ള വിപണിയുടെ 12 ശതമാനം വിവോയുടെയും ഏഴു ശതമാനം ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. ഓണർ,വിവോ, റിയൽമി, ഓപ്പോ ഷവോമി എന്നീ 5 ചൈനീസ് കമ്പനികളാണ് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ പിടി മുറുക്കിയിരിക്കുന്നത്. സാംസങ് സൗത്ത് കൊറിയൻ കമ്പനിയാണ്.

പ്രീമിയം ഫോണുകളുടെ കാര്യത്തിൽ വൺ പ്ലസ്സിനെ പിന്തള്ളിയാണ് സാംസങ് മുന്നിലെത്തുന്നത്. ഫീച്ചര്‍ ഫോണുകളിൽ മുൻപിൽ ജിയോയാണ്. രാജ്യത്തെ 30 ശതമാനം ഫീച്ചര്‍ ഫോണുകളും ജിയോയുടെ അധീനതയിലാണ്. ഫീച്ചര്‍ ഫോണ്‍ വില്‍പനയില്‍ സാംസങും മുൻവർഷത്തെ അപേക്ഷിച്ച് നേരിയ മുന്നേറ്റം നേടിയിട്ടുണ്ട്.