തിരിച്ചടിച്ച് ചൈന; അമേരിക്കയുടെ ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തി
World News
തിരിച്ചടിച്ച് ചൈന; അമേരിക്കയുടെ ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 2:05 pm

ബീജിങ്: ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്ത് ചൈന. നിരവധി യു.എസ് ഉത്പ്പന്നങ്ങള്‍ക്ക് ചൈനയും എതിര്‍ തീരുവ ചുമത്തിയിരിക്കുകയാണ്. അമേരിക്കയിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിക്ക് ചൈന 15 ശതമാനം തീരുവ ചുമത്തും.

അമേരിക്കയിൽ നിന്നുള്ള അസംസ്കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് വാഹനങ്ങൾ, പിക്ക്-അപ്പ് ട്രക്കുകൾ എന്നിവയുടെ ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇത് കൂടാതെ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെതിരെ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. വിശ്വാസ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് വർധനവിന് മറുപടിയായാണ് പുതിയ നടപടികൾ സ്വീകരിച്ചതെന്നും അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ഗുരുതരമായി ലംഘിക്കുന്നുവെന്നും ചൈന വ്യക്തമാക്കി. ഒപ്പം അമേരിക്ക സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തെ തടസപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നതെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം പറഞ്ഞു.

ശനിയാഴ്ച, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡ, മെക്സിക്കോ എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ കർശന നടപടികൾ പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ഇതിനകം നിലനിൽക്കുന്ന തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ നൽകേണ്ടിവരും.

അനധികൃത കുടിയേറ്റക്കാരുടെയും ഫെന്റനൈൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെയും യു.എസിലേക്കുള്ള ഒഴുക്ക് തടയാനാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം.

എന്നാൽ പിന്നാലെ തന്നെ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന 25% തീരുവ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

 

 

 

Content Highlight: China retaliates with tariffs on US goods after Trump’s move