ഉയ്ഗൂര്‍ മുസ്‌ലിങ്ങളെപ്പറ്റി പഠിച്ച ഗവേഷകയെ ജയിലിലടച്ച് ചൈന
Trending
ഉയ്ഗൂര്‍ മുസ്‌ലിങ്ങളെപ്പറ്റി പഠിച്ച ഗവേഷകയെ ജയിലിലടച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 8:36 am

ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയതിന്റെ പേരില്‍ ഗവേഷക ഫെങ് സിയുവിനെ ചൈനീസ് ഭരണകൂടം ജയിലിലടച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും പ്രാഗത്ഭ്യമുള്ള വിദ്യാര്‍ഥിയെന്ന ഖ്യാതി നേടിയ സിയു 2018 മുതല്‍ പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചൈനയിലെ മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ചൈനയാണ് സിയു 16 വര്‍ഷത്തെ തടവിലാണെന്ന് ലോകത്തെ അറിയിച്ചത്. 2018ല്‍ ആയിരുന്നു അവരെ ചൈന അറസ്റ്റ് ചെയ്തത്.

സെജിയാങ്ങില്‍ ജനിച്ച അക്കാദമിക് വിദഗ്ദ്ധയാണ് ഫെങ് സിയു. ചിക്കാഗോ സര്‍വകലാശാല, യുസി ബെര്‍ക്ക്ലി, നോര്‍ത്ത് വെസ്റ്റേണ്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ 17 പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയതിന് ശേഷമാണ് 2012ല്‍ ഫെങ് ആദ്യമായി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. മസാച്ചുസെറ്റ്‌സിലെ ആംഹെര്‍സ്റ്റ് കോളേജില്‍ ചരിത്രത്തില്‍ ബിരുദം നേടിയ അവര്‍ പിന്നീട് ലണ്ടന്‍ സര്‍വകലാശാലയിലെ എസ്.ഒ.എ.എസില്‍ ബിരുദാനന്തര ബിരുദം എടുത്തു. ഏഷ്യന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് പ്രത്യേകവിഷയമായെടുത്ത് പഠിച്ച് ഉയ്ഗൂറുകളുടെ പാരമ്പര്യം, സംസ്‌കാരം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പക്ഷേ, വിവാദപരമായ ഈ പഠനങ്ങള്‍ പലതും സിയുവിനെ ചൈനീസ് രാഷ്ടീയനേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിമാറ്റി. അങ്ങനെയാണവര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇംഗ്ലീഷിലും ഉയ്ഗൂറിലും പ്രാവീണ്യമുള്ള ഫെങ്, ഏഷ്യന്‍ സാംസ്‌കാരിക പഠനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയിരുന്നു, പ്രത്യേകിച്ച് ഉയ്ഗൂര്‍ നാടോടിക്കഥകളിലും വാമൊഴി പാരമ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗവേഷണങ്ങളില്‍ ഏറിയവയും നടത്തിയത്.

2017 അവസാനത്തോടെ അധികാരികള്‍ ഫെങ്ങിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് അന്താരാഷ്ട്ര സംഘടനകള്‍ക്ക് ലഭിച്ച ആഭ്യന്തര പൊലീസ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഫെങ് സിയുവിന്റെ ഫോണില്‍ ‘വിദേശ സോഫ്റ്റ്വെയര്‍’ ഉണ്ടെന്നുള്ളതാണ് അവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. എന്നിരുന്നാലും ആ സോഫ്റ്റ്വെയര്‍ ആപ്പ് ഫാക്ടറിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണെന്നും ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും അതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശക്തമല്ലാത്ത തെളിവുകള്‍ ആയിരുന്നിട്ടുപോലും 2018ല്‍ അവര്‍ അറസ്റ്റിലായി.

ചൈനയുടെ നിയന്ത്രണത്തിലുള്ള സിന്‍ ജിയാങ്ങിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മുസ്‌ലിം വിഭാഗമായ ഉയ്ഗൂറുകളെ ചൈനീസ് ഭരണകൂടം വംശഹത്യചെയ്യുകയാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ആരോപണം.

Content Highlight: China jails researcher who studied Uyghur Muslims