ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
India
ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 11:52 am

ന്യൂ ദല്‍ഹി: ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന. അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബ്രഹ്‌മപുത്ര നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മ്മാണം. 167.8 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവില്‍ ശനിയാഴ്ചയാണ് അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്.

ബ്രഹ്‌മപുത്ര നദിയുടെ താഴ്വാരമായ യാര്‍ലുങ് സാങ്ബോയില്‍, ന്യിങ്ചി സിറ്റിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ട് നിര്‍മാണം പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടിബറ്റ് സ്വയംഭരണ മേഖലയിലെ ന്യിങ്ചിയിലെ മെയിന്‍ലിംഗ് ജലവൈദ്യുത നിലയത്തിന്റെ സ്ഥലത്താണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായി കണക്കാക്കപ്പെടുന്ന ഈ ജലവൈദ്യുത പദ്ധതി, ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, താഴ്ന്ന നദീതീര രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ജനങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.

അഞ്ച് കാസ്‌കേഡ് ജലവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതിയെന്നും മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യണ്‍ യുവാന്‍ (ഏകദേശം 167.8 ബില്യണ്‍ യു.എസ് ഡോളര്‍) ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023 ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ജലവൈദ്യുത നിലയം ഓരോ വര്‍ഷവും 300 ബില്യണ്‍ kwh കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് 300 ദശലക്ഷത്തിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തവുമാണെന്ന കണ്ടെത്തലുകളുണ്ട്.

നാഷണല്‍ ഡവലപ്മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍, പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന എന്നിവയുള്‍പ്പെടെ വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

ഹിമാലയന്‍ മലയിടുക്കിലെ ഒരു വലിയ മലയിടുക്കിലാണ് അണക്കെട്ട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ബ്രഹ്‌മപുത്ര നദി ഒരു വലിയ യുടേണ്‍ എടുത്ത് അരുണാചല്‍ പ്രദേശിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും ഒഴുകുന്നുണ്ട്.

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായി കണക്കാക്കപ്പെടുന്ന ചൈനയുടെ ത്രീ ഗോര്‍ജസ് അണക്കെട്ടിനേക്കാള്‍ വലുതായിരിക്കും ഈ പദ്ധതിയെന്ന് പറയുന്നു.

1.5 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ച് ചൈന 2015ല്‍ തുടങ്ങിയ സാം ജലവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാക്കിയത് ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ജലപ്രവാഹം നിയന്ത്രിക്കാന്‍ ചൈനയ്ക്ക് അധികാരം നല്‍കുന്നതിനൊപ്പം, അതിന്റെ വലിപ്പവും വ്യാപ്തിയും ബീജിങ്ങിന് വലിയ അളവില്‍ വെള്ളം തുറന്നുവിടാനും, യുദ്ധസമയത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നതിനാല്‍ ഇന്ത്യയില്‍ ആശങ്കകള്‍ യര്‍ന്നിരുന്നു.

Content highlight:  China begins construction of world’s largest dam across Brahmaputra River