വായനയെ അനുഭവങ്ങളാക്കി 'ചില്ല'യുടെ ഒത്തുകൂടല്‍ ശ്രദ്ധേയമായി
News of the day
വായനയെ അനുഭവങ്ങളാക്കി 'ചില്ല'യുടെ ഒത്തുകൂടല്‍ ശ്രദ്ധേയമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd February 2015, 5:49 pm

Chilla4റിയാദ്: ചില്ല സര്‍ഗ്ഗവേദി പ്രതിമാസ ഒത്തുകൂടലിന്റെ ഭാഗമായി നടത്തിയ” വായനക്കാര്‍ അവര്‍ വായിച്ച പുസ്തകങ്ങളെ  പരിചയപ്പെടുത്തിക്കൊണ്ടുള്ള വായനാനുഭവം പങ്കുവെക്കുന്ന എന്റെ വായന” എന്ന എന്ന പരിപാടി ശ്രദ്ധേയമായി. കേവല വായനകള്‍ക്കപ്പുറം കൃതിയെ സംബന്ധിച്ച രാഷ്ട്രീയമായ ആഴങ്ങളിലേക്കുള്ള വായനക്കാരുടെ നിരീക്ഷണ ബുദ്ധിയോടെയുള്ള സൂക്ഷ്മമായ വിലയിരുത്തലുകളായി പലരുടെയും വായന.

ദമ്മാമില്‍ നിന്ന് പ്രശസ്ത കവി പി.പി രാമചന്ദ്രന്‍ ഫോണിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. “കാലത്തിനനുസരിച്ച് വായനയുടേയും എഴുത്തിന്റേയും സ്വഭാവത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. അനേകം മാധ്യമങ്ങളില്‍ ഒരു മാധ്യമം മാത്രമണിന്ന് വായനയും” പി പി രാമചന്ദ്രന്‍ പറഞ്ഞു. സാമ്പ്രദായിക വായന കൂടുതല്‍ ഏകാഗ്രത ആവശ്യപ്പെടുന്നു. യോഗപോലെ പരിശീലിപ്പിച്ചെടുക്കേണ്ട ഒന്നായി ഇക്കാലത്ത് വായന മാറിയിട്ടുണ്ടെന്നും ” പി.പി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.എന്‍ കക്കാടിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരന്‍ എം. ഫൈസല്‍ വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നതിന് തുടക്കം കുറിച്ചു. കവിതയില്‍ കക്കാട് ഉപയോഗിച്ച ബിംബങ്ങളും മുദ്രകളും അദ്ദേഹത്തിന്റ ജീവിതപരിസരത്തുനിന്നാണെന്നും എന്നാല്‍ നമ്പൂതിരി സമുദായത്തില്‍ പിറന്ന അദ്ദേഹം അത്തരം ബിംബങ്ങളെ ഉപയോഗിച്ചുകൊണ്ട്  വലതുപക്ഷ സവര്‍ണ്ണ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയല്ല കവിതയിലൂടെ ചെയ്തതെന്നും കൃത്യമായ ഇടതുപക്ഷ ചേരിയിലാണ് അദ്ദേഹം നിലയുറപ്പിച്ചതെന്നും ഫൈസല്‍ പറഞ്ഞു. തപസ്യയും ആര്‍.എസ്.എസ്സും അദ്ദേഹത്തിന്റെ കവിതയിലെ മാനവിക ഉള്ളടക്കങ്ങള്‍ തിരിച്ചറിയാതെ അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലം നോക്കി കക്കാടിനെ തങ്ങളുടേതാക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരിഹാസ്യമാണെന്നും ഫൈസല്‍ പറഞ്ഞു.

ഭരണകൂട അധികാരം നടത്തുന്ന വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ഹിംസയെ ഒരു പുസ്തകം എങ്ങനെ തീക്ഷ്ണമായ സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ജയചന്ദ്രന്‍ നെരുവമ്പ്രം “ആടിന്റെ വിരുന്ന്” എന്ന മാരിയോ വര്‍ഗാസ് യോസയുടെ നോബല്‍ സമ്മാനം നേടിയ കൃതിയേയും, അബൂബക്കര്‍ സിദ്ദീക്ക് “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി” എന്ന ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലിനെയും പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ സംഭാഷണങ്ങള്‍.

പി.എന്‍ ഗോപീകൃഷ്ണന്റെ “ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത” എന്ന കവിത ചൊല്ലിക്കൊണ്ട്  ഇക്ബാല്‍ കൊടുങ്ങല്ലൂര്‍, ഇന്ത്യയില്‍ നരേന്ദ്ര മോഡി ഗവണ്മെന്റിനു കീഴില്‍ പുതിയ ഭരണകൂട ഫാസിസം ഭക്ഷണത്തില്‍ പോലും വംശീയ ഭീകരത സൃഷ്ടിക്കുന്നതിനെയും സവര്‍ണ്ണദളിത് ബന്ധങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിക്കൊരിക്കുന്ന പ്രശ്‌നങ്ങളെയും വിവരിച്ചു സംസാരിച്ചു.

അധിനിവേശ ഇറാക്കിലെ ജീവിതത്തെ വരച്ചുകാണിക്കുന്ന “ദി ട്രൈന്‍” എന്ന മഹമൂദ് സൈദിന്റെ കഥ നൗഷാദ് കോര്‍മത്ത് അവതരിപ്പിച്ചു. പശ്ചിമേഷ്യയിലെ ഷിയാസുന്നി സംഘര്‍ഷങ്ങളെ വിശകലനം ചെയ്തുകൊണ്ട് ബെന്യാമിന്റെ “മുല്ലപ്പൂ നിറമുള്ള പകലുകള്‍” ഷംല ചീനക്കല്‍ അവതരിപ്പിച്ചു. ആര്‍ മുരളീധരന്‍ (ഉറൂബിന്റെ “സുന്ദരികളും സുന്ദരന്മാരും”), നജിം കൊച്ചുകലുങ്ക് (തകഴിയുടെ “തോട്ടിയുടെ മകന്‍”), സുബ്രമണ്യന്‍ ടി ആര്‍ (കടമ്മനിട്ട കവിതകള്‍), രാജു നീലകണ്ഠന്‍ (ബഷീറിന്റെ “പൂവന്‍ പഴം”), കെ യു ഇക്ബാല്‍ (കുഞ്ഞബ്ദുള്ളയുടെ കഥാസന്ദര്‍ഭങ്ങള്‍), സണ്ണി ചാക്കോ (സേതിവിന്റെ “അടയാളങ്ങള്‍”), അന്‍വര്‍ പൈക്കാടന്‍ (ബി രാജീവന്റെ “ജൈവ രാഷ്ട്രീയവും ജനസഞ്ചയവും”), അനിത നസീം (ഇ സന്തോഷ് കുമാറിന്റെ “അന്ധകാരനഴി”) , സതീഷ് ബാബു (ബെന്യാമിന്റെ “ആടുജീവിതം”) റസൂല്‍ സലാം (ഇ ഹരികുമാറിന്റെ “എന്റെ സ്ത്രീകള്‍സ്ത്രീപക്ഷ കഥകള്‍”) ഷക്കീല വഹാബ് (റഫീഖ് അഹമ്മദിന്റെ “തോരാമഴ”), സെബിന്‍ ഇക്ബാല്‍ (മലയാറ്റൂര്‍ രാമകൃഷ്ണന്റെ “യക്ഷി”) എന്നിവരും പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് വായനയെ പങ്കുവെച്ചു.