ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷ നേതാവ് ജോസ് ആന്റോണിയോ കാസ്റ്റിന് വിജയം
Trending
ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷ നേതാവ് ജോസ് ആന്റോണിയോ കാസ്റ്റിന് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th December 2025, 12:55 pm

സാന്റിയാഗോ: ചിലിയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി അന്റോണിയോ കാസ്റ്റിന് വിജയം. 58 തമാനം വോട്ട് നേടിയാണ് കാസ്റ്റിന്റെ വിജയം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

മൂന്ന് തവണ മത്സരത്തിനിറങ്ങിയ കാസ്റ്റിന്റെ ആദ്യ വിജയമാണിത്. ഇടതുപക്ഷ സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് കാസ്റ്റ് ഭരണത്തിലേറുന്നത്. രാജ്യത്തിന്റെ 38ാമത് പ്രസിഡന്റായി കാസ്റ്റ് സത്യപ്രതിജ്ഞ ചെയ്യും.

ചിലിയുടെ നിലവിലെ പ്രസിഡന്റായ ഗബ്രിയേല്‍ ബോറിക്കിന്റെ ഇടതുപക്ഷ സര്‍ക്കാരിനെയാണ് കാസ്റ്റ് ഭരണത്തില്‍ നിന്നും താഴെയിറക്കിയിരിക്കുന്നത്.

ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു ഗബ്രിയേല്‍ ബോറിക്ക്. സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടി ആദ്യമായി ഭരണത്തിലേറിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ബോറിക്ക് വിജയിച്ച 2021ലേത്.

അതേസമയം, 2021ലെ തെരഞ്ഞെടുപ്പില്‍ ബോറിക്കിനോട് പരാജയപ്പെട്ടത് അന്റോണിയോ കാസ്റ്റായിരുന്നു. അന്ന് 56 ശതമാനം വോട്ട് നേടിയായിരുന്നു ബോറിക്കിന്റെ വിജയം. 44 ശതമാനം വോട്ടുകളായിരുന്നു കാസ്റ്റിന് ലഭിച്ചത്.

എന്നാല്‍. ഇത്തവണ മൂന്നാം അങ്കത്തില്‍ ചുവടുപിഴയ്ക്കാതിരുന്ന കാസ്റ്റ്, യൂണിറ്റി ഫോര്‍ ചിലിയെന്ന ഇടത് പാര്‍ട്ടി നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ ജീനറ്റ് ജാരയെ പരാജയപ്പെടുത്തി ഭരണം ഉറപ്പിക്കുകയായിരുന്നു.

വോട്ടെണ്ണലിന് പിന്നാലെ, പരാജയം സമ്മതിക്കുന്നതായും രാജ്യത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂണിറ്റി പാര്‍ട്ടിയും ജാരയും പ്രതികരിച്ചു.

വിജയം വ്യക്തിപരമല്ലെന്നും പാര്‍ട്ടിയുടെ നേട്ടവുമല്ലെന്നും ഭയമില്ലാതെ പ്രവര്‍ത്തിക്കുന്ന ചിലിയെ പ്രതീക്ഷിച്ച് വോട്ട് ചെയ്തവരുടെ വിജയമാണിതെന്നുമായിരുന്നു കാസ്റ്റിന്റെ ആദ്യ പ്രതികരണം.

കുറ്റകൃത്യങ്ങള്‍ക്കും കുടിയേറ്റത്തിനുമെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് കാസ്റ്റ് വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തതുപോലെ കൂട്ടനാടുകടത്തല്‍ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലും കാസ്റ്റ് പറഞ്ഞിരുന്നു.

യാഥാസ്ഥിതിക വാദങ്ങള്‍ പിന്തുടരുന്ന നേതാവാണ് കാസ്റ്റ്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള സാമൂഹിക, ആരോഗ്യ വിഷയങ്ങളില്‍ തീവ്ര വലതുനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബലാത്സംഗ കേസുകളിലും ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ് കാസ്റ്റിന്റെ നിലപാട്. ചിലിയുടെ മുന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെയെ പിന്തുണച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ചര്‍ച്ചയായിരുന്നു.

അടുത്തകാലത്തായി ലാറ്റിനമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷത്തിന് അനുകൂലമായ ഫലങ്ങളാണുണ്ടായത്. അര്‍ജന്റീന, ഇക്വാഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വലതുപക്ഷ നേതാക്കള്‍ ഭരണത്തിലേറിയിരുന്നു.

Content Highlight: Chile presidential election: Far-right leader Jose Antonio Kast wins