എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണവും വസ്ത്രവും വാഗ്ദാനം ചെയ്ത് ജയ്പൂരില്‍ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്നു
എഡിറ്റര്‍
Wednesday 13th March 2013 11:06am

ജയ്പൂര്‍; 600 ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍, ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍, പൊട്ടിപ്പൊളിഞ്ഞ കക്കൂസ്, ഇടുങ്ങിയ ഒരു മുറി, ജയ്പൂരിലെ ഒരു ചൈല്‍ഡ് ഹോമില്‍ ദുരിതമനുഭവിക്കുന്ന 29 കുട്ടികളെയാണ് ഇന്നലെ പോലീസ് റെയ്ഡില്‍ നിന്നും കണ്ടെടുക്കാനായത്.

Ads By Google

അഞ്ച് വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ രാജസ്ഥാനിലെ ഗ്രെയ്‌സ് ഹോമില്‍ നിന്നും ഉന്നതവിദ്യാഭ്യാസവും താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്താണ് ജയ്പൂരിലെ ഈ ദുരിതത്തിലേക്ക് അധികൃതര്‍ കൊണ്ടുവന്നത്.

എന്നാല്‍ ഇവിടെയുള്ള കുട്ടികളെ സ്‌കൂളില്‍ പറഞ്ഞുവിടുകയോ ഏതെങ്കിലും അധ്യാപകര്‍ ഇവിടെ വന്ന് ക്ലാസ് എടുക്കുകയോ ചെയ്യുന്നില്ല. ഒരു വാര്‍ഡന്‍ പോലുമില്ലാത്ത ഇവിടെ വെറും 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് ഇവരുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്നതും ഞെട്ടിക്കുന്ന വിവരമാണ്.

കുട്ടികളെ രക്ഷിതാക്കളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാനോ രക്ഷിതാക്കളെ തിരിച്ച് ഇവരെ ഫോണില്‍ വിളിക്കാനോ അനുവദിക്കുന്നില്ല. പാവപ്പെട്ട കൃസ്ത്യന്‍ കുടുംബത്തിലെ കുട്ടികളെയാണ് മികച്ച വിദ്യാഭ്യാസവും താമസസൗകര്യവും നല്‍കാമെന്ന വാഗ്ദാനത്തോടെ ഈ കെയര്‍ ഹോമിലേക്ക് ഇവര്‍ കൊണ്ടുവരുന്നത്.

കെയര്‍ ഹോമില്‍ വെച്ച് കഴിഞ്ഞ ദിവസം ഒരു കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും തുടര്‍ന്ന് സ്ഥാപനം റെയ്ഡ് ചെയ്യുകയുമായിരുന്നു.

പോലീസിനെ കണ്ടയുടനെ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജേക്കബ്ബ് ജോണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സ്ഥാപനത്തിന് രജിസ്‌ട്രേഷന്‍ പേപ്പര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്ത്രീകളാരും തന്നെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടായിരുന്നില്ലെന്നും രാജസ്ഥാനിലെ ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ദീപക് കല്‍റ പറഞ്ഞു.

കുട്ടികളെ ഹാളിലാണ് കിടത്തിയിരുന്നത്. മുതിര്‍ന്ന കുട്ടികളാണ് ചെറിയ കുട്ടികള്‍ക്ക് പഠിക്കാനുള്ളത് പറഞ്ഞുകൊടുത്തിരുന്നത്.

ഗ്രേസ് ഹോമും ഇത്തരത്തില്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ രജിസ്‌ട്രേഷനോ അധികൃതരുടെ പരിശോധയോ ഇല്ലാതെയാണ് ഇത്രയും കാലം സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജയ്പൂരില്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയും ഇതേരീതിയില്‍ കെയര്‍ ഹോം പ്രവര്‍ത്തിക്കുന്നതായി മനസിലായെന്നും അതില്‍ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement