പാരീസ്: ഫ്രാന്‍സില്‍ ഫലസ്തീനികളുടെ ചിത്രങ്ങള്‍ അടങ്ങുന്ന കുട്ടികളുടെ കളറിങ് പുസ്തകം വിറ്റ ബുക്ക് സ്റ്റോളില്‍ പൊലീസ് റെയ്ഡ്. ജനുവരി ഏഴിന് പാരീസിലെ ‘വയലറ്റ് ആന്‍ഡ് കമ്പനി’ എന്ന സ്ഥാപനത്തിലാണ് സംഭവം. റെയ്ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംഭവം പുറത്തെത്തുന്നത്.
‘ഫ്രം ദി റിവര്‍ ടു ദി സീ: എ കളറിങ് ബുക്ക്’ എന്ന പുസ്തകത്തിന്റെ കോപ്പികള്‍ തേടിയാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രോസിക്യൂട്ടര്‍ക്കൊപ്പം എത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ഷോപ്പില്‍ പരിശോധന നടത്തിയത്.
ഏകദേശം 45 മിനിട്ടോളം റെയ്ഡ് നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറകള്‍ ധരിച്ചിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരിശോധനയില്‍ പുസ്തകത്തിന്റെ ഒരു കോപ്പിയും കണ്ടെടുക്കാനായില്ല. പുസ്തകം സ്റ്റോക്ക് ഔട്ടായിരുന്നുവെന്നും മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനയ്ക്ക് ശേഷം, ജനുവരി അവസാനം ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് നിര്‍ദേശവും നല്‍കി. വയലറ്റ് ആന്‍ഡ് കമ്പനിയുടെ ഉടമ ഒരു ഫെമിനിസ്റ്റും ക്വിയര്‍ സമൂഹത്തില്‍ നിന്നുള്ള ഒരാളാണെന്നുമാണ് വിവരം.
ബുക്ക് സ്റ്റോളിലെ റെയ്ഡ് നിയമവിരുദ്ധമാണെന്ന് കടയുടമയുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. പുസ്തകത്തിന്റെ ഇറക്കുമതി നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ‘കമ്മീഷന്‍ ഫോര്‍ ദി സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പബ്ലിക്കേഷന്‍സ് ഫോര്‍ യൂത്ത്’ എന്ന ഒക്ടോബറിലെ ശുപാര്‍ശ നിയമപരമായി അടിത്തറയില്ലാത്തതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം ഫലസ്തീനിലെ ദുരന്തമുഖങ്ങള്‍ ചിത്രീകരിച്ച കളറിങ് പുസ്തകത്തെ ലക്ഷ്യമിട്ടുള്ള റെയ്ഡിന് പിന്നാലെ പാരീസിലെ തീവ്രവലതുപക്ഷ അനുകൂലികള്‍ ബുക്ക് സ്റ്റോളിനെതിരെ രംഗത്തെത്തി.
കുട്ടികളുടെ പുസ്തകം ഇസ്രഈലികള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണങ്ങള്‍ പ്രസാധകരായ സോഷ്യല്‍ ബാന്‍ഡിറ്റ് മീഡിയ തള്ളി. നിയമപരമായി നിലനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണത്തിന് എതിരായ സെന്‍സര്‍ഷിപ്പാണ് ഇപ്പോള്‍ നടന്നതെന്നും പ്രസാധകര്‍ പറഞ്ഞു.
സ്ഥാപനത്തിലെ റെയ്ഡ് പൊളിറ്റിക്കല്‍ പൊലീസിങ്ങിന്റെ മറ്റൊരു രൂപമാണെന്ന് വയലറ്റ് ആന്‍ഡ് കമ്പനിയും വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ തേടിയെത്തിയ പുസ്തകം 2025 സെപ്റ്റംബറോടെ വിറ്റുതീര്‍ന്നിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
Content Highlight: Children’s coloring book with Palestinian images; Police raid bookstore in Paris