സുഡാനിലെ കുട്ടികൾ പട്ടിണിയിൽ; ഓരോരുത്തരിലും 53 ശതമാനം പോഷകാഹാരക്കുറവ്: യു.എൻ
World
സുഡാനിലെ കുട്ടികൾ പട്ടിണിയിൽ; ഓരോരുത്തരിലും 53 ശതമാനം പോഷകാഹാരക്കുറവ്: യു.എൻ
രാഗേന്ദു. പി.ആര്‍
Thursday, 15th January 2026, 9:53 pm

ഖാർത്തൂം: സുഡാനിൽ കുട്ടികൾ പട്ടിണി കിടക്കുകയാണെന്ന് യു.എന്നിലെ സുഡാൻ പ്രതിനിധി ഡെനിസ് ബ്രൗൺ. രാജ്യത്തിന്റെ വടക്കൻ മേഖലയായ ഉം ബാരുവിലെ കുട്ടികൾക്കിടയിൽ 53 ശതമാനം പോഷകാഹാരക്കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും ബ്രൗൺ പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ മിഡിൽ ഈസ്റ്റ് ഐയോട് സംസാരിക്കുകയായിരുന്നു ഡെനിസ് ബ്രൗൺ. യു.എന്നിലെ മാനുഷിക കോർഡിനേറ്റർ കൂടിയാണ് അദ്ദേഹം.

സുഡാനിലേക്ക് സഹായമെത്തിക്കുന്ന ഏജൻസികൾ ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ബ്രൗൺ പറഞ്ഞു.

എന്നാൽ കുട്ടികളിലെ പോഷകാഹാരക്കുറവ് അതിനേക്കാൾ ഭീകരമാണ്. ചികിത്സിക്കാത്ത പക്ഷം സുഡാനിലെ കുട്ടികളുടെ ആരോഗ്യനില മാരകമായ അവസ്ഥയിലേക്ക് പോകുമെന്നും ബ്രൗൺ മുന്നറിയിപ്പ് നൽകി.

ഇതുപോലൊരു അവസ്ഥ മുമ്പൊരിക്കലും കണ്ടിട്ടില്ല. വരും ദിവസങ്ങളിൽ മരണം വരെ റിപ്പോർട്ട് ചെയ്തേക്കാം. കുട്ടികൾക്ക് പുറമെ സുഡാനിലെ സ്ത്രീകളും ദുരിതപൂർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബ്രൗൺ ചൂണ്ടിക്കാട്ടി.

നേരത്തെ സുഡാനിലെ എൽ ഫാഷർ നഗരത്തിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും കുടിവെള്ളം ഉൾപ്പെടെ ഇല്ലാതെയാണ്  ആളുകൾ ജീവിക്കുന്നതെന്നും ഡെനിസ് ബ്രൗൺ പറഞ്ഞിരുന്നു.

ആർ.എസ്.എഫ് എൽ ഫാഷറിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ താമസക്കാർക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങൾ ലഭിക്കാതെ വന്നിരുന്നു. ഡാഫറിലെ കുട്ടികളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് സംബന്ധിച്ചും അദ്ദേഹം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

പിന്നാലെ യുദ്ധത്തെ അതിജീവിച്ചവർക്കുള്ള സഹായം പുനസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സഹായ സംഘങ്ങളും ആക്രമണത്തിൽ അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ വിദഗ്ധരും അറിയിച്ചിരുന്നു.

എന്നാൽ സന്നദ്ധ സംഘടനകൾക്ക് സുഡാനിലേക്ക് കടക്കാൻ സാധിക്കുന്നില്ലെന്നാണ് ഡെനിസ് ബ്രൗൺ നിലവിൽ പറയുന്നത്.

2025 അവസാനത്തിൽ സുഡാനിലേക്ക് സഹായമെത്തിക്കാൻ യൂറോപ്യൻ യൂണിയൻ എയർ ബ്രിഡ്ജ് ആരംഭിച്ചിരുന്നു. ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ സഹായ വിതരണവും പ്രതിസന്ധി നേരിടുകയാണ്.

അതേസമയം സുഡാനിൽ ആർ.എസ്.എഫ് ഏകപക്ഷീയമായി മൂന്ന് മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുഡാൻ സൈനിക മേധാവി യു.എസിന്റെ സമാധാന പദ്ധതി നിരസിച്ചതിന് പിന്നാലെയായിരുന്നു ആർ.എസ്.എഫിന്റെ ഈ നീക്കം.

Content Highlight: Children in Sudan are starving; 53 percent of them are malnourished: UN

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.