ഫീസ് വര്‍ധനവ് ചോദ്യം ചെയ്തതിന് പ്രതികാരനടപടി വീണ്ടും: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ ഉപവാസസമരം
Education
ഫീസ് വര്‍ധനവ് ചോദ്യം ചെയ്തതിന് പ്രതികാരനടപടി വീണ്ടും: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ ഉപവാസസമരം
ശ്രീഷ്മ കെ
Tuesday, 26th June 2018, 4:15 pm

പനങ്ങാട്: ഫീസ് വര്‍ധനവ് ചോദ്യം ചെയ്തതിന് സ്‌കൂളധികൃതരുടെ പ്രതികാര നടപടി വീണ്ടും. എറണാകുളം പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ ആണ് ഒരു മാസത്തോളമായി അഞ്ചു വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി നിര്‍ത്തിയിരിക്കുന്നത്. അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ശബ്ദമുയര്‍ത്തിയ പി.ടി.എ ഭാരവാഹികളുടെ കുട്ടികളെ ക്ലാസ്സ് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നെ ടി. സി. വീട്ടിലേക്കയച്ചുകൊടുത്ത് പുറത്താക്കിയെന്നാണ് പരാതി. പുറത്താക്കല്‍ നടപടിക്കെതിരെ രക്ഷിതാക്കളും കുട്ടികളും ഇന്നലെ സ്‌കൂളിനു മുന്നില്‍ ഉപവാസസമരം നടത്തി.

ബാലാവകാശ കമ്മീഷന്റെ ഉത്തരവ് തൃണവല്‍ഗണിച്ചാണ് സ്‌കൂളധികൃതര്‍ കുട്ടികളെ പുറത്താക്കിയിരിക്കുന്നതെന്ന് പി.ടി.എ. പ്രസിഡന്റ് അനില്‍ പറയുന്നു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, ഫീസിനത്തില്‍ കൊണ്ടുവന്നിട്ടുള്ള വര്‍ദ്ധനവ് പിന്‍വലിക്കാനും നിര്‍ദ്ദേശിച്ചു കൊണ്ട് ബാലാവകാശ കമ്മീഷന്‍ ആറു മാസങ്ങള്‍ക്കു മുന്നേ ഉത്തരവിറക്കിയിരുന്നു.


Also Read: കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ല; ഇന്ത്യ-പാക് സമാധാന പദയാത്രയില്‍ മോദിയുടെ ഭാര്യ യശോദബെന്നും


ഈ ഉത്തരവു പ്രകാരം അധികൃതര്‍ പി.ടി.എ. ജനറല്‍ ബോഡി മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുകയും കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനിക്കുകയും ചെയ്തതായിരുന്നു. ഇതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അഞ്ചു കുട്ടികളെ ടി. സി. നല്‍കി പുറത്താക്കിയത്. പുറത്താക്കിയവരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമുള്‍പ്പെടുന്നു.

പുറത്താക്കലിനെതിരെ തങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇ അധികൃതരെയും ജില്ലാ കലക്ടറെയും കണ്ട് പരാതി നല്‍കിയതായി രക്ഷിതാക്കള്‍ പറയുന്നു. പുറത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ പത്തു ദിവസം മുന്നെ രണ്ടാമത്തെ ഉത്തരവും പുറത്തുവിട്ടിരുന്നു. ഈ ഉത്തരവു മുഖവിലയ്‌ക്കെടുക്കാതെയാണ് സ്‌കൂളധികൃതര്‍ കുട്ടികളെ പുറത്താക്കി നിര്‍ത്തിയിരിക്കുന്നത്.

കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ പുറത്താക്കല്‍ നടപടികളുണ്ടായതിനെക്കുറിച്ച് അന്വേഷിച്ച് പ്രദേശത്തെ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ഓഫീസിലേക്ക് കത്തയച്ചിരുന്നുവെന്നും അനില്‍ പറയുന്നു. എന്നാല്‍, സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന കാര്യങ്ങള്‍ ഒരു തരത്തിലും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ഈ കത്തിനു ലഭിച്ചത്. “ഗുരുജിയുടെ പ്രസ്ഥാനത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ ഞങ്ങളുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ ഈ മറുപടിയോടെ വലിയ വിഷമത്തിലായിരിക്കുകയാണ്. തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു വ്യക്തിയുടെ ഓഫീസില്‍ നിന്നും ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.” അനില്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.


Also Read: നിങ്ങള്‍ക്ക് അമ്മയെ വെല്ലുവിളിക്കാം; എന്നാല്‍ നിവൃത്തികേടിന്റെ പേരില്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട് ; അവരെ കൂടി രക്ഷപ്പെടുത്തണം; ഡബ്ല്യൂ.സി.സിയോട് ശാരദക്കുട്ടി


കുട്ടികളെ നിയമവിരുദ്ധമായി പുറത്താക്കിയ പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ത്തന്നെ, കഴിഞ്ഞ മാസം കാലാവധി തീര്‍ന്ന സി.ബി.എസ്.ഇ.യുടെ അഫിലിയേഷന്‍ പുതുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളധികൃതര്‍. ഫീസ് അളവില്‍ക്കവിഞ്ഞ് വര്‍ദ്ധിപ്പിക്കുകയും, കുട്ടികളെ കാരണം കൂടാതെ പുറത്താക്കുകയും ചെയ്ത സ്‌കൂളിന് അഫിലിയേഷന്‍ പുതുക്കി നല്‍കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

അഫിലിയേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി സി.ബി.എസ്.ഇ സംഘം സ്‌കൂള്‍ സന്ദര്‍ശിക്കുന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ നേരില്‍ക്കണ്ട് പരാതിയറിയിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളുമായി ഇന്നലെ സ്‌കൂളിലെത്തിയെങ്കിലും, അധികൃതര്‍ അകത്തേക്ക് കടത്തി വിട്ടില്ലെന്നും പരാതിയുണ്ട്.

“സി.ബി.എസ്.ഇ. സംഘത്തെ നേരില്‍ക്കണ്ട് സംസാരിക്കാനാണ് രക്ഷിതാക്കളും കുട്ടികളും ഇന്നലെ സ്‌കൂളിലെത്തിയത്. എന്നാല്‍, ഞങ്ങളെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നെന്നു കാണിച്ച് ഞാനടക്കം മൂന്നു പി.ടി.എ. ഭാരവാഹികള്‍ക്കെതിരെ കോടതിയില്‍ നിന്നും ഇവര്‍ ഉത്തരവു സമ്പാദിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കും കുട്ടികള്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാനാവില്ലെന്നാണ് പറയുന്നത്. സി.ബി.എസ്.ഇ സംഘത്തെ കാണാനാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ സ്‌കൂളിനു പുറത്തു കാത്തു നിന്നെങ്കിലും അവര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സ്ഥലത്തെ പ്രധാന രാഷ്ട്രീയപ്രവര്‍ത്തകരും ഇപ്പോള്‍ ഞങ്ങളോടൊപ്പമുണ്ട്.” അനില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: തിരുവണ്ണാമലയില്‍ സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാതൃഭൂമി റിപ്പോര്‍ട്ടറെ അറസ്റ്റു ചെയ്തു: അറസ്റ്റ് ഉന്നതരുടെ നിര്‍ദേശപ്രകാരമെന്ന് പൊലീസ്


കുട്ടികളടക്കമുള്ളവര്‍ ഉപവാസ സമരം നടത്തിയിട്ടും, സര്‍ക്കാര്‍ സമിതികളുടെ ഉത്തരവുണ്ടായിട്ടും, സ്‌കൂളധികൃതര്‍ കുട്ടികളെ തിരിച്ചെടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പരാതി. ബാലാവകാശ കമ്മീഷനടക്കമുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാതെ സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന് സി.ബി.എസ്.ഇ അഫിലിയേഷന്‍ പുതുക്കി നല്‍കാന്‍ പാടില്ലെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സ്വാധീനമുപയോഗിച്ച് അഫിലിയേഷന്‍ നേടിയെടുക്കാനാണ് സാധ്യതയെന്നും, ഇത് അനുവദിച്ചു കൂടെന്നും പി.ടി.എ ഭാരവാഹികള്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് ചെമ്പുമുക്ക് അസ്സീസ്സി വിദ്യാനികേതന്‍ സ്‌കൂളിലും സമാനമായ വിഷയങ്ങള്‍ കാരണം കുട്ടികളെ ടി.സി. നല്‍കി പുറത്താക്കിയത്. പ്രതിഷേധം ശക്തമായതോടെ ഫീസ് വര്‍ധനവ് പിന്‍വലിക്കാനും കുട്ടികളെ തിരിച്ചെടുക്കാനും മാനേജ്‌മെന്റ് തയ്യാറായിരുന്നു.

ശ്രീഷ്മ കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം