രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരിനിന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുക്കും
Kerala News
രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരിനിന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 7:28 pm

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ പതിച്ച മതിലില്‍ ചാരിനിന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍.

കുട്ടിയെ മര്‍ദിച്ചതില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊച്ചു കുട്ടികളെ മര്‍ദിക്കുന്നത് തെറ്റാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം കാലടിയിലാണ് സംഭവം. സ്വന്തം വീടിന്റെ മതിലില്‍ ചാരി നിന്നതിനാണ് പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ മര്‍ദിച്ചത്. പോസ്റ്റര്‍ കീറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്റായ സതീശനെതിരെ പൊലീസ് കേസെടുത്തു.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കരമന പൊലീസില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയെങ്കിലും ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Child Rights Commission to file a case in the incident of beating up a student who was leaning on a wall with a poster of Rajeev Chandrasekhar