ശൈശവ വിവാഹങ്ങളും ലൈംഗികാതിക്രമങ്ങളും; ലോക്ക്ഡൗണ്‍ കുട്ടികള്‍ക്ക് നരകമാകുമ്പോള്‍
ന്യൂസ് ഡെസ്‌ക്

ലോക്ക്ഡൗണ്‍ കാലത്ത് ശൈശവ വിവാഹങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വ്യാപകമായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ മുന്‍പുള്ളതിനേക്കാള്‍ 50 ശതമാനത്തിലധികം കോളുകളാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് ചൈല്‍ഡ്‌ലൈന്‍ ഇന്ത്യയിലേക്ക് വന്നത്.

ബീഹാറിലും ജാര്‍ഖണ്ഡിലും ശൈശവിവാഹങ്ങള്‍ നിറുത്തലാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ അലയന്‍സ് എന്ന എന്‍.ജി.ഒയുടെ ബന്ധന്‍ തോഡ് എന്ന ആപ്പിലേക്ക് ലോക്ക്ഡൗണ്‍ സമയത്ത് നിരവധി പേരാണ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വന്നത്. ബന്ധന്‍ തോഡില്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ മാത്രം ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് 32 ശൈശവവിവാഹങ്ങളായിരുന്നു. അതില്‍ 9ഉം നിര്‍ബന്ധിച്ച് നടത്തിയതാണെന്ന് തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി ജെന്‍ഡര്‍ അലയന്‍സ് വ്യക്തമാക്കി.

വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പാട്‌നയിലും പരിസരപ്രദേശങ്ങളിലും എത്തിച്ചേരാനും നടപടികളെടുക്കാനും സാധിച്ചെങ്കിലും ബീഹാറിലെയും ജാര്‍ഖണ്ഡിലെയും ഉള്‍ഗ്രാമങ്ങളിലേക്ക് തങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും ഇവിടങ്ങളില്‍ നിരവധി കുട്ടികളാണ് ശൈശവവിവാഹത്തിന് ഇരകളാകേണ്ടി വരുന്നതെന്നും ഈ പ്രവര്‍ത്തകര്‍ ദി വയറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കടപ്പാട്   ദി വയർ

2019ല്‍ യുനിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലോകത്താകെ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ 40 ശതമാനവും ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ നടക്കുന്നതിനേക്കാള്‍ 13 മില്യണ്‍ ശൈശവ വിവാഹങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും ഐക്യരാഷ്ട്ര സംഘടന ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജസ്ഥാനില്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ക്രിതി ഭാരതി പറയുന്നത്, ലോക്ക്ഡൗണ്‍ ആയതോടു കൂടി ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത് തടയാനും കുട്ടികളെ രക്ഷിക്കാനും സാധിക്കുന്നില്ല എന്നാണ്. അര്‍ദ്ധരാത്രിയിലാണ് ഇപ്പോള്‍ പല വിവാഹങ്ങളും നടക്കുന്നതെന്നും നിയമപരമായ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായുള്ള ചില നീക്കങ്ങളും പല കുടുംബങ്ങളും നടത്തുന്നണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ആന്ധ്രാപ്രദേശില്‍ വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ വന്നപ്പോള്‍ അഞ്ച് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മറ്റു നാലു പേരുടെ സംരക്ഷണം എം.വി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ ഏറ്റെടുക്കുകയായിരുന്നു.

ലോക്ക്ഡൗണിലും ശൈശവ വിവാഹങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും എന്നാല്‍ അതേസമയം ഈയൊരു സാഹചര്യത്തില്‍ അധികൃതര്‍ക്ക് തക്ക സമയത്ത് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നും ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണായ പ്രിയാങ്ക് കനൂംഗോ പറയുന്നു.

ശൈശവ വിവാഹങ്ങള്‍ക്കൊപ്പമോ അതിനേക്കാള്‍ കൂടുതലോ ആണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെന്നാണ് ദി വയറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക പീഡനം ഭയപ്പെടുത്തും വിധം വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ അത്രയും പോലും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക പീഡനം നടക്കുന്ന വീടുകളിലെല്ലാം തീര്‍ച്ചയായും കുട്ടികളും ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നുണ്ടാവുക എന്ന് ജെന്‍ഡര്‍ അലയന്‍സ് പറയുന്നു.

വീടുകളില്‍ വെച്ച് അടുത്ത ബന്ധുക്കളില്‍ നിന്നും മറ്റും ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണ്‍ ഒരു നരകം തന്നെയായിരിക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ സമയത്ത് പോലും കുട്ടികളില്‍ പലര്‍ക്കും തങ്ങളുടെ നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തുറന്നുപറയാന്‍ പോലുമാകാറില്ല.

ലോകത്തില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. ഏകദേശം 12-18 ശതമാനം വരെ മാത്രം. ഏറ്റവും ഭീകരമായ നിലയിലെത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ പുറത്തറിയുക പോലുമുള്ളു. പലപ്പോഴും ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നുതന്നെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളിലും അന്വേഷണം പോലും അസാധ്യമാകാറുണ്ട്. ഈ കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ ടീച്ചര്‍മാരോ കൂട്ടുകാരോ ആയിരിക്കും ഏക ആശ്വാസവും രക്ഷാമാര്‍ഗവും. ഇപ്പോള്‍ ഈ ലോക്ക്ഡൗണില്‍ പുറത്ത് നിന്നുള്ള ആരുമായും ബന്ധപ്പെടാന്‍ പോലും സാധിക്കാതെ വീടുകളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ ഇവിടെ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ കനത്ത മാനസികാഘാതങ്ങളാകും ഉണ്ടാക്കുകയെന്ന് സാമൂഹ്യപ്രവര്‍ത്തകയായ വിദ്യ റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു.

ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗിക ചൂഷണവും മറ്റു സൈബര്‍ കുറ്റകൃത്യങ്ങളും കൂടിവരികയാണെന്നും കുട്ടികള്‍ ഇതിന്റെ ഇരകളായി തീരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇതുകൂടാതെ കുട്ടികള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ മാനസികപ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അടുത്ത കാലത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചൈല്‍ഡ് റിലീഫ് ആന്‍ഡ് യു എന്ന എന്‍.ജി.ഒ നടത്തിയ പഠനത്തില്‍ കുട്ടികളില്‍ ഡിപ്രഷന്‍, ആങ്‌സൈറ്റി, ഇന്‍സെക്യൂരിറ്റി, ഫ്രസ്‌ട്രേഷന്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴിയെങ്കിലും കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് നല്‍കേണ്ടതിലേക്ക് കൂടി എല്ലാവരുടേയും ശ്രദ്ധ പതിയണമെന്നും പറയുന്നു.

ഒരു മഹാമാരിക്ക് തടയിടാനായി നാം സ്വീകരിച്ച നടപടികള്‍ നമ്മുടെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലേക്കും അവരുടെ ജീവിതത്തെ തന്നെ താറുമാറാക്കുന്ന നിലയിലേക്കും നയിക്കുന്നതാകരുത്. കൊവിഡിനും ലോക്ക്ഡൗണിനും ശേഷം ലോകം സാധാരണനിലയിലേക്ക് തിരിച്ചെത്തുമ്പോള്‍, നല്ല നാളെകളെ നയിക്കേണ്ട ഒരു തലമുറ ഇവിടെയുണ്ടാകണമെങ്കില്‍ കുട്ടികള്‍ക്കായി നാം സമയം നീക്കിവെച്ചേ മതിയാകൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക